വയനാട്/ഇടുക്കി: സുപ്രീം കോടതി ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കി വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണം. പലയിടത്തും വാഹനങ്ങൾ തടയുന്നു. മലപ്പുറത്ത് റോഡ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി കർഷകർക്ക് എതിരെ ആകാതിരിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.
വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവച്ചു. പോലീസ് ഇടപെട്ടാണ് പിന്നീട് ബസ്സുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി. തുടർച്ചയായുള്ള എൽഡിഎഫ്-യുഡിഎഫ് ഹർത്താലുകൾ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു.
ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ മേഖലകളിൽ ഹർത്താൽ പൂർണമാണ്. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ചരക്കുവാഹനങ്ങളും, ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്.
ബഫര്സോൺ ആശങ്ക മാറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ 11 പഞ്ചായത്തുകളിലും, നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകിട്ട് ആറുവരെ ഹർത്താൽ. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. മലപ്പുറത്തെ കടകൾ ഭാഗികമായി തുറന്നിട്ടുണ്ട്. പത്രം, പാൽ, വിവാഹം മറ്റ് അവശ്യ സർവീസുകളെയും 16/06/22 വ്യാഴാഴ്ചയിലെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

