ദോഹ: ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും. ഖത്തറിലെ ദോഹയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫില്‍ പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം.പകരക്കാരന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ റെഡ്മെയ്നെ സഡന്‍ ഡെത്തിലെ കിക്ക് തടുത്ത് ഓസീസ് ഹീറോയായി. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍രഹിതമായി തുടര്‍ന്നതിലാണു പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായത്. അധിക സമയം തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേയാണു ഓസ്ട്രേലിയ മാത്യു റയാനു പകരം ആന്‍ഡ്രൂ റെഡ്മെയ്നെ ഇറക്കിയത്. ഗോള്‍ ലൈനു മുന്നില്‍ നൃത്തച്ചുവടുകളുമായിനിന്ന റെഡ്മെയ്ന്‍ അലക്സ് വാലേരയുടെ കിക്ക് തടുത്തിട്ടു.പ്ലേ ഓഫ് ഫൈനലില്‍ പെറുവും ഓസ്ട്രേലിയയും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമായിരുന്നു. ഇരു ടീമുകള്‍ക്കും നിര്‍ണായകമായതിനാല്‍ കരുതലോടെയും ഭയത്തോടെയുമാണു കളിച്ചത്.
മുഴുവന്‍ സമയത്ത് ഗോള്‍ എന്നല്ല മികച്ച ഒരു അവസരം പോലും പിറന്നില്ല. ഓസ്ട്രേലിയ 87-ാം മിനിറ്റില്‍ സൃഷ്ടിച്ച അവസരം മാത്രമായിരുന്നു ഗോളാകുമെന്നു ചെറിയ പ്രതീക്ഷ നല്‍കിയത്. കളി അധിക സമയത്തായപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു. ഒന്നാം പകുതിയില്‍ ഗോളിലേക്കുള്ള മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ആകെ പിറന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ചുവട് മാറ്റി. പെറുവിന്റെ ഫ്ളോറസിന്റെ ഒരു കിടിലന്‍ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി.ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയുടെ ആദ്യ കിക്ക് തന്നെ നഷ്ടമായി. മാര്‍ട്ടിന്‍ ബോയ്ലിന്റെ കിക്ക് നായകന്‍ കൂടിയായ പെഡ്രോ ഗലാസെ തടുത്തതു പെറുവിന് പ്രതീക്ഷ നല്‍കി. പെറുവിന്റെ ആദ്യ കിക്കെടുത്ത ലാപാഡുലയ്ക്കു പിഴച്ചില്ല. ആരണ്‍ മൂയ് എടുത്ത കിക്ക് വലയില്‍ കയറിയതോടെ ഓസീസ് അക്കൗണ്ട് തുറന്നു. പെറുവിന്റെ കാലന്‍സിന്റെ കിക്കും ലക്ഷ്യത്തിലെത്തി. ക്രെയ്ഗ് ഗുഡ്വിന്‍ വലയനക്കിയതോടെ ഓസീസിഃെന്റ രണ്ടാം ഗോളായി.പെറുവിന്റെ മൂന്നാമത്തെ കിക്കെടുത്ത അഡ്വിന്‍കുലയ്ക്കു പിഴച്ചു. അതോടെ സ്‌കോര്‍ 2-2 എന്നായി. അജ്ഡിന്‍ ഹ്രസ്റ്റിക്, ടാപിയ, ഫ്ളോറസ്, അവര്‍ മാബില്‍ എന്നിവരും ഗോളടിച്ചതോടെ സ്‌കോര്‍ ഒപ്പമായി. പിന്നാലെയാണു അലക്സ് വാലേരയുടെ കിക്ക് തടുത്തിട്ടത്. അവര്‍ മാബിലിന്റെ കിക്ക് ലക്ഷ്യം കണ്ടതോടെ ഓസീസ് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കി. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ് ഓസ്ട്രേലിയ ലോകകപ്പില്‍ കളിക്കുക. ആന്‍ഡ്രൂ റെഡ്മെയ്ന്റെ ഗോള്‍ മുഖത്തെ ചലനങ്ങളെ ലിവര്‍പൂളിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ ബ്രൂസ് ഗ്രോബെലാറിന്റെ രീതികളോടാണു കളിയെഴുത്തുകാര്‍ താരതമ്യം ചെയ്തത്. ലിവര്‍പൂളിനെ 1984 യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍മാരാക്കിയത് ബ്രൂസ് ഗ്രോബെലാറിന്റെ നൃത്തച്ചുവടുകളാണ്.

