ലണ്ടന്‍: ബെല്‍ജിയത്തിന്റെ മുന്‍ ഫുട്ബോള്‍ താരം വിന്‍സന്റ് കോമ്പാനി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന കോമ്പാനി പരിശീലക വേഷത്തിലാണ് തിരിച്ചെത്തുന്നത്. ബേണ്‍ലിയുടെ കോച്ചായാണ് കോമ്പാനി എത്തുന്നത്.
കോമ്പാനിയുമായി കരാറിലെത്തിയതായി ബേണ്‍ലി ക്ലബ് വ്യക്തമാക്കി. സീന്‍ ഡിചിന്റെ പിന്‍ഗാമിയാണു കോമ്പാനി. പ്രീമിയര്‍ ലീഗില്‍നിന്നു തരംതാഴ്ത്തപ്പെട്ട ബേണ്‍ലി ചാമ്പ്യന്‍ഷിപ്പ് ക്ലബിലാണ് ഈ സീസണ് കളിക്കുക. 36 വയസുകാരനായ കോമ്പാനി ബെല്‍ജിയത്തിലെ ആന്‍ഡര്‍ലെചിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടു വര്‍ഷം അവിടെ കഴിഞ്ഞ കോമ്പാനി ക്ലബിന് കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനം നേടിക്കൊടുത്തു. ബെല്‍ജിയന്‍ കപ്പ് ഫൈനലില്‍ കടന്ന ആന്ഡര്ലെച് ചാമ്പ്യന്‍സ് ലീഗിനും യോഗ്യത നേടി. ബേണ്‍ലിയെ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിക്കുകയാണ് ആദ്യ ചുമതല. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 14 കിരീടങ്ങള്‍ നേടിയ താരമാണു കോമ്പാനി. അതില്‍ നാലു പ്രീമിയര്‍ ലീഗ്, നാലു എഫ്.എ. കപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടുന്നു. 38 കളികളില്‍നിന്നു 35 പോയിന്റ് മാത്രം നേടിയ ബേണ്‍ലി 18-ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.

