പലെക്കലെ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. ശ്രീലങ്ക കളി തീരാന്‍ ഒരു പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു.
നായകന്‍ ദാസുന്‍ ശനകയുടെ വെടിക്കെട്ടാണു (25 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 54) ലങ്കയെ ജയത്തിലെത്തിച്ചത്. ലങ്കയ്ക്ക് വസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍. കെയിന്‍ റിച്ചാഡ്സണ്‍ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തില്‍നിന്ന് രണ്ട് വൈഡ് അടക്കം നാല് റണ്‍ ലഭിച്ചു മത്സരത്തില്‍ വഴിത്തിരിവായി. ശനക തുടരെ രണ്ട് ഫോറും ഒരു സിക്സറുമടിച്ചപ്പോള്‍ ജയിക്കാന്‍ അവസാന പന്തില്‍ ഒരു റണ്ണെന്ന അവസ്ഥയായി. വൈഡ് എറിഞ്ഞ് റിച്ചാഡ്സണ്‍ ലങ്കയ്ക്ക് ആശ്വാസ ജയം സമ്മാനിച്ചു. ചാമിക കരുണരത്നെ (10 പന്തില്‍ 14) ശനകയ്ക്കൊപ്പം പുറത്താകാതെ നിന്നു. 2.5 ഓവറില്‍ 44 റണ്ണാണു റിച്ചാഡ്സണ്‍ വഴങ്ങിയത്. നാലോവറില്‍ 25 റണ്‍ വിട്ടു നല്‍കി രണ്ട് വിക്കറ്റ് നേടിയ ജോഷ് ഹാസില്‍വുഡും രണ്ട് ഓവറില്‍ 8 റണ്‍ നല്‍കി രണ്ട് വിക്കറ്റെടുത്ത മാര്‍കസ് സ്റ്റോനിസും ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി.
ഹാസല്‍വുഡിന്റെ ഒരോവറില്‍ ശനക 20 റണ്‍ നേടിയിരുന്നു. ഡേവിഡ് വാര്‍ണര്‍ (33 പന്തില്‍ 39), സ്റ്റീവ് സ്മിത്ത് (27 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 37), മാര്‍കസ് സ്റ്റോനിസ് (23 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 38) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. മൂന്ന് ട്വന്റി20 കളുടെ പരമ്പര ഓസീസ് 2-1 നു നേടി. ദാസുന്‍ ശനക മത്സരത്തിലെയും ആരണ്‍ ഫിഞ്ച് പരമ്പരയിലെയും താരമായി.

