ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 2022-23 വര്‍ഷത്തേക്കുള്ള എല്ലാ 14 ഖാരിഫ് (വേനല്‍ക്കാല) വിളകള്‍ക്കും എംഎസ്പി വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്കി. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനും വിള വൈവിധ്യവല്‍ക്കരണം പ്രോല്സാഹിപ്പിക്കുന്നതിനുമായി 2022-23 ലെ ഖാരിഫ് വിളകളുടെ എംഎസ്പി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ വര്‍ധിപ്പിച്ചു
