വൈദ്യുതി സേവനങ്ങൾ കിട്ടുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം കിട്ടും; കർശന വ്യവസ്ഥയുമായി കേന്ദ്രം

തിരുവനന്തപുരം: വൈദ്യുതി പോയി മൂന്ന് മിനിറ്റിനുള്ളിൽ പുന:സ്ഥാപിച്ചില്ല എങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം കേന്ദ്രം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുള്ളതും, തടസ്സം ഇല്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശമാണ്. ഇതിൽ കുറവോ തടസ്സമോ ഉണ്ടായാൽ കെഎസ്ഇബി ഉൾപ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം. നേരത്തെ പാർലമെന്റ് പാസാക്കിയ വൈദ്യുതി നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവിൽ വന്നത്.

വിതരണ സംവിധാനം വളരെ മോശം ആണെങ്കിൽ അക്കാര്യം ബോധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് അനുമതിയോടെ മാത്രമേ 3 മിനിറ്റ് എന്ന സമയപരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റർ ഉടൻ മാറ്റി നൽകാൻ സംസ്ഥാനങ്ങളിൽ കൃത്യമായ സംവിധാനം ഉണ്ടാക്കണം. വൈദ്യുതിബിൽ സുതാര്യവും, ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലും ആകണം. അതിൽ പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. ഇതിനായി പ്രത്യേകം കൺസ്യൂമർ ഗ്രീവൻസ് സെൽ മാനേജർമാരെ നിയമിക്കണം. നിലവിൽ വൈദ്യുതിബിൽ സംസ്ഥാനത്ത് സുതാര്യമല്ല എന്ന പരാതിയുണ്ട്.

താൽക്കാലിക വൈദ്യുതി കണക്ഷൻ, അപേക്ഷിച്ച് 48 മണിക്കൂറിനകം നൽകണം. പുതിയ വൈദ്യുതി കണക്ഷൻ നഗരങ്ങളിൽ 7 ദിവസത്തിനകവും, മുനിസിപ്പാലിറ്റികളിൽ 15 ദിവസത്തിനകവും, ഗ്രാമങ്ങളിൽ 30 ദിവസത്തിനകവും നൽകണമെന്നും നിയമം അനുശാസിക്കുന്നു.

നഷ്ടപരിഹാരം നല്‍കേണ്ട വീഴ്ചകള്‍

വൈദ്യുതി നഷ്ടപ്പെട്ട് നിശ്ചിതസമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍, ദിവസത്തില്‍ ഒന്നിലേറെ തവണ വൈദ്യുതി നഷ്ടപ്പെട്ടാല്‍കണക്ഷന്‍, റീകണക്ഷന്‍ എന്നിവയ്ക്ക് അനാവശ്യകാലതാമസമുണ്ടായാല്‍, വൈദ്യുതി കണക്ഷന്‍ കാറ്റഗറി മാറാന്‍ കാലതാമസമുണ്ടായാല്‍, കേടായ മീറ്റര്‍ മാറ്റിവയ്ക്കാന്‍ വൈകിയാല്‍, വൈദ്യുതി ബില്ലിന്റെ പിരീഡ് അപേക്ഷയില്ലാതെ മാറ്റിയാല്‍, വോള്‍ട്ടേജ് ക്ഷാമമുണ്ടായാല്‍, വൈദ്യുതി ബില്‍ തര്‍ക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →