ആർ ബി ഐ യുടെ പുതിയ ധനനയപ്രഖ്യാപനം വീണ്ടും ; പലിശ നിരക്ക് ഉയരും

മുംബൈ: അടിസ്ഥാന നിരക്ക് ഉയർത്തി റിസർവ് ബാങ്കിന്റെ ധനനയപ്രഖ്യാപനം. 2022 മെയ് മാസം നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ജൂണിലും ആർബിഐ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. നിരക്കിൽ അരശതമാനത്തിന്റെ വർദ്ധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽനിന്ന് 4.9 ശതമാനമായി വർദ്ധിപ്പിച്ചു.

വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. അടിസ്ഥാന നിരക്കുകൾ ഉയർന്നതോടെ ഭവന, വാഹന വായ്പാ പലിശ നിരക്കുകളിലും വർധനയുണ്ടാകും. ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് (ഇന്ത്യയുടേത് റിസർവ് ബാങ്ക്) ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കുറവുണ്ടായാൽ വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. മോണിറ്ററി അതോറിറ്റികൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്ക് ഉപയോഗിക്കുന്നു.

കോവിഡ് മൂലം സ്വീകരിച്ച ഉദാരനയം പിൻവലിക്കാൻ സമയമായെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. 5.7 ശതമാനത്തിൽനിന്ന് 6.7 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതിനുപിന്നാലെ ബാങ്കുകൾ വായ്പാ നിക്ഷേപ പലിശകൾ വർദ്ധിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →