തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ടു വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ് കത്ത് കൈമാറിയത്. അതേസമയം കേരളത്തിന്റെ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല.
2020 ജൂൺ 17 ന് ആയിരുന്നു സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം നൽകിയത്. ഡി പി ആറിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച അനുകൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കേന്ദ്രം തുടർ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. അതേസമയം ഡിപിആർ അപൂർണമാണെന്ന് കാണിച്ച് റെയിൽവേ ബോർഡ് വിശദീകരണം തേടിയിരുന്നു.
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമൂഹിക ആഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്ര അനുമതി ഇല്ലാതെയാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ കത്തിനുള്ള കേന്ദ്ര മറുപടി സിൽവർലൈൻ പദ്ധതിയിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ. സർവ്വേയുടെ പേരിൽ ജനങ്ങളുടെ ഭൂമിയിൽ മഞ്ഞക്കല്ലിടുന്നതിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജനങ്ങളിൽ നിന്നുള്ള എതിർപ്പ് കണക്കിലെടുത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനവ്യാപകമായി കല്ലിടൽ നിർത്തിയത്. ജിപിഎസ് സർവ്വേയിലേക്ക് മാറാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

