കണ്ണൂർ: കറവമാടുകളുടെ രോഗങ്ങൾക്കും മറ്റും കർഷകർ നിലവിൽ ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇനിമുതൽ കറവമാടുകളുടെ ആരോഗ്യത്തിന് ആയുർവേദ മരുന്നുകൾ ക്ഷീരകർഷകർക്കെത്തിക്കുന്നു.മിൽമ മലബാർ മേഖലാ യൂണിയൻ കേരള ആയുർവേദിക് സഹകരണ സംഘവുമായി സഹകരിച്ചാണ് വെറ്ററിനറി മരുന്നുകൾ ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ മിൽക്ക് യൂണിറ്റുകളിൽ ആദ്യമായാണ് ഈ സംവിധാനം.
നിലവിൽ നൽകിവരുന്ന ഇംഗ്ലീഷ് മരുന്നുകൾക്ക് പ്രത്യേകിച്ചും ഓയിൻമെന്റിനും മറ്റും വലിയ വിലയാണ്. മാത്രമല്ല ആന്റിബയോട്ടിക് മരുന്നുകളുടെ അംശങ്ങൾ പാലിൽ കലരാനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലീഷ് മരുന്നുകൾ നൽകിയ കറവമാടുകളുടെ പാൽ ഒരാഴ്ചയെങ്കിലും ഉപയോഗിക്കാൻ പറ്റില്ല. മരുന്നിന്റെ അംശം പാലിൽ കലരുന്നതിനാലാണിത്. കർഷകർക്ക് ഇതും വലിയ നഷ്ടമാണ്.
എട്ടുതരം ആയുർവേദ മരുന്നുകളാണ് മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ മുഖേന വിതരണം ചെയ്യുക. അകിട് വീക്കം, അകിടിലെ മുറിവ്, അകിടിലെ വിണ്ടുകീറൽ, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണിവ. പാലിന്റെ അളവ് കൂട്ടാനും പ്രത്യേക മരുന്നുണ്ട്.

