മുംബൈ: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ.)യുടെ റിപ്പോര്‍ട്ട്. പ്രചാരത്തിലുള്ള കള്ളനോട്ടുകളില്‍ മുമ്പില്‍ 500 രൂപയുടെ മൂല്യമുള്ള കള്ളനോട്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 101.9 % വര്‍ധനയാണുള്ളത്. 2000 രൂപയുടെ വ്യാജനോട്ടുകളില്‍ 54.16 % വര്‍ധനയും. 500, 2000 രൂപ മൂല്യമുള്ള കള്ളനോട്ടകളുടെ ഒന്നിച്ചുള്ള കണക്കെടുത്താല്‍ 2022 മാര്‍ച്ച് 31 വരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 നെ അപേക്ഷിച്ച് 87.1 ശതമാനം വര്‍ധനയാണുള്ളത്. 10, 20, 200 മൂല്യമുള്ള നോട്ടുകളില്‍ യഥാക്രമം 16.4 %, 16.5%, 11.7 % വര്‍ധനയും കണ്ടെത്തി. 50, 100 രൂപയുടെ കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവുമുണ്ട്. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും (ടി.എം.സി.) രംഗത്തെത്തി. മോദി സര്‍ക്കാര്‍ 2016 ല്‍ നടപ്പാക്കിയ നോട്ടുനിരോധനം പാളിപ്പോയെന്നാണ് ആര്.ബി.ഐ. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷം വിമര്‍ശിച്ചു. നോട്ടുനിരോധനം വ്യാജ കറന്‍സി ഇല്ലാതാക്കുമെന്ന ബി.ജെ.പിയുടെ ഉറപ്പിനെയും പ്രതിപക്ഷം പരിഹസിച്ചു. ”ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തതു മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിര്‍ഭാഗ്യകരമായ വിജയ”മെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ”എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഏറ്റവും പുതിയ ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം കള്ളനോട്ടുകളില്‍ വന്‍ വര്‍ധനയാണുള്ളത്” ടി.എം.സി. നേതാവ് ഡെറക് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു.
കള്ളനോട്ടില്‍ വന്‍ വര്‍ധനയെന്ന് ആര്.ബി.ഐ: മുമ്പില്‍ 500 രൂപ
