എക്സ്പോയില്‍ അന്‍പതോളം സ്റ്റാളുകള്‍ അറിവിന്റെ ജനകീയോത്സവമാകാന്‍ ടേണിംഗ് പോയിന്റ്

തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടേണിങ് പോയിന്റ്’ കരിയര്‍ ഗെയ്ഡന്‍സ് എക്സ്പോയില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്‍പതോളം സ്റ്റാളുകള്‍. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന എക്സ്പോ മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ വഴിത്തിരിവാകും. കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെയ് 28, 29 തീയതികളിലാണ് എക്സ്പോ നടക്കുക.

റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ മൈസൂര്‍, നിംഹാന്‍സ് ബാംഗ്ലൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഴ്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, സിവില്‍ സര്‍വീസ് അക്കാദമി, ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം തുടങ്ങിയവയുടെ 50 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. വിവിധ സെഷനുകളിലായി 15000 ത്തോളം പേര്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. 11.30ന് തൊഴില്‍ രംഗത്തെ പുത്തന്‍ സാധ്യതകളെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു സംസാരിക്കും. മാധ്യമമേഖലയിലെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. 2.30ന് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ് വിജയപാഠങ്ങള്‍ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളോട് സംവദിക്കും. മൂന്ന് മണിക്ക് ‘ഭാവിയിലെ നമ്മള്‍’ എന്ന വിഷയത്തില്‍ ഡോ. വി പി പി മുസ്തഫ ആശയങ്ങള്‍ പങ്കുവയ്ക്കും. അഞ്ച് മണിക്ക് കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും.

29ന് ഞായറാഴ്ച രാവിലെ ‘വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളും പ്രവണതകളും’ എന്ന വിഷയത്തില്‍ കരിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടി പി സേതുമാധവന്‍ സംസാരിക്കും. സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രരംഗത്തെ നൂതന തൊഴില്‍ സാധ്യതകള്‍ ലൈഫോളജി ഡയറക്ടര്‍ രാഹുല്‍ ജെ നായര്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തും. ഉച്ചക്ക് രണ്ട് മണിക്ക് സ്റ്റാര്‍ട്ടപ്പ് രംഗത്തെ വിജയ സാധ്യതകളെക്കുറിച്ച് മലബാര്‍ ഇന്നൊവേഷന്‍ ചെയര്‍മാന്‍ ശൈലന്‍ സഗുണന്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കും. തുടര്‍ന്ന് ദൃശ്യമാധ്യമരംഗത്തെ പ്രൊഫഷണല്‍ സമീപനങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഇ സനീഷ് സംവദിക്കും. വൈകിട്ട് 3 30ന് സ്‌കില്‍ എജ്യുക്കേഷന്‍ സംബന്ധിച്ച നൂതന അറിവുകള്‍ ഡോ. ഉഷ ടൈറ്റസ് വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കും.

കായികരംഗത്തെ അനന്തസാധ്യതകളെ കുറിച്ച് സായി പ്രിന്‍സിപ്പല്‍ ആന്റ് റീജ്യണല്‍ ഡയറക്ടര്‍ ഡോ ജി കിഷോര്‍, ഡോ.പി ടി ജോസഫ്, ഡോ.കെ പി മനോജ് എന്നിവര്‍ ആശയങ്ങള്‍ പങ്കുവയ്ക്കും. വൈകുന്നേരം 4:30ന് സിനിമാ മേഖലയിലെ കരിയര്‍ സാധ്യതകളെക്കുറിച്ച് ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ ഷെറി ഗോവിന്ദ്,  പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി എന്നിവര്‍ സംവദിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കേരള സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ. മഹേഷ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →