ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര, ഒരാഴ്ചയില്‍ പിടികൂടിയത് 73 എണ്ണം

തിരുവനന്തപുരം: ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര. ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 73 എണ്ണം. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍തെരുവില്‍നിന്നാണ് 73ാമത്തെ പാമ്പിനെ പിടികൂടിയത്. ഇതോടെ രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍പോലും ഭയക്കുകയാണ് ഇവിടുത്തുകാര്‍. ബാലരാമപുരം ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ പരമശിവത്തിന്റെ വീട്ടില്‍നിന്നാണ് ആദ്യമായി പാമ്പിനെ പിടികൂടിയത്. ആദ്യദിവസം തന്നെ ചെറുതും വലുതുമായി 22 മൂര്‍ഖന്‍പാമ്പുകളെ പിടികൂടി. പിന്നീട് പല ദിവസങ്ങളിലായി ഇവിടെനിന്നും സമീപ വീടുകളില്‍നിന്നുമായി അമ്പതോളം പാമ്പുകളെ പിടികൂടി.

ദിവസവും രണ്ടുംമൂന്നും പാമ്പുകളെ പ്രദേശത്തെ വീടുകളില്‍നിന്ന് പിടികൂടാന്‍ തുടങ്ങിയതോടെ സ്ഥലവാസികളുടെ ഭയം ഇരട്ടിച്ചിരിക്കുകയാണ്. പലരും വീടും കുടിയും ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നു. മേഖലയിലെ പാമ്പുപിടിത്തക്കാരെ വിളിച്ചിട്ട് സമയത്ത് എത്താത്തതുമൂലം തമിഴ്നാട്ടില്‍നിന്നുവരെ ആളെ ഇറക്കിയാണ് പാമ്പുകളെ പിടികൂടുന്നത്. ഇവിടെയുള്ള ചെറുപ്പക്കാരുടെ സംഘം രാത്രിയും പകലും പാമ്പുകളെ പിടികൂടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. എപ്പോള്‍, ഏതുവഴിയാണ് പാമ്പ് ഇറങ്ങിവരുന്നതെന്ന് അറിയില്ല. ഒരു മാസത്തില്‍ താഴെ മാത്രം പ്രായമായ മൂര്‍ഖന്‍ കുഞ്ഞുങ്ങളാണ് പിടികൂടുന്നതില്‍ ഏറെയും. പിടികൂടുന്ന പാമ്പുകളെ ഗ്ലാസ് ഭരണിയിലാക്കി മ്യൂസിയത്തിലെ ജീവനക്കാരന്റെ കൈയില്‍ കൊടുത്തുവിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →