ഈ വർഷത്തെ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

ലണ്ടൻ : എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘ Tomb of Sand’ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം നേടി. ഹിന്ദിയിൽ 2018 ൽ പ്രസിദ്ധീകരിച്ച ‘റേത് സമാധി’ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ടോംബ് ഓഫ് സാൻഡ്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചത് ഡെയ്സി റോക് വെല്ലാണ്. ഹിന്ദിയിൽ ഉള്ള ഒരു കൃതിയുടെ പരിഭാഷ ഇതാദ്യമായാണ് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിക്കുന്നത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം) ഗീതാഞ്ജലി ശ്രീയും, ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഇന്ത്യ- പാക് വിഭജന കാലത്തെ ദുരന്ത സ്മരണകളുമായി ജീവിക്കുന്ന ഒരു വൃദ്ധ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് രചനയുടെ പ്രമേയം. ഭർത്താവ് മരിച്ചതിനെ തുടർന്ന് കടുത്ത വിഷാദരോഗത്തിന് അടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ കഥയാണ് റേത് സമാധി പറയുന്നത്. റേത് സമാധി ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കൽപോലും ഇങ്ങനെയൊരു പുരസ്കാരം നേടാൻ കഴിയും എന്ന് പ്രതീക്ഷിച്ചിട്ടില്ലെന്ന് ഗീതാഞ്ജലി പ്രതികരിച്ചു. ഒരേസമയം അത്ഭുതവും, വിനയവും, ബഹുമാനവും ഒക്കെ അനുഭവപ്പെടുന്നതായും അവർ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിനിയാണ് 64 കാരിയായ ഗീതാഞ്ജലി ശ്രീ. 87 ല്‍ പ്രസിദ്ധീകരിച്ച ‘പത്ര’ യാണ് ഗീതാഞ്ജലിയുടെ ആദ്യത്തെ കഥ. ആദ്യ നോവൽ രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘മായ്’ ആണ്. ഗീതാഞ്ജലി റേത് സമാധി ഉൾപ്പെടെ അഞ്ച് നോവലുകൾ എഴുതിയിട്ടുണ്ട്.

135 പുസ്തകങ്ങളാണ് പുരസ്കാരത്തിനായി മത്സരിക്കാനുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. ടോംബ് ഓഫ് സാൻഡിനൊപ്പം ബോറ ചുoഗിന്റെ ‘ കേസ്ഡ് ബണ്ണി’ ജോൺ ഫോസ്സിന്റെ ‘എ ന്യൂ നെയിം : സെപ്റ്റോളജി VI-VII ‘, മൈക്കോ കവാകാമിയുടെ ‘ ഹെവൻ’ , ക്ലോഡിയ പിയാറോയുടെ ‘എലീന നോസ്’ , ഓൾഗ ടോകാർ സുക്കിന്റെ ‘ ദ ബുക്സ് ഓഫ് ജേക്കബ്’ എന്നിവയാണ് ബുക്കർ പുരസ്കാരത്തിനായി അവസാന റൗണ്ടിൽ മത്സരത്തില്‍ ഉണ്ടായിരുന്ന മറ്റ് പുസ്തകങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →