ന്യൂഡൽഹി: രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും, എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ഹരിത ട്രിബ്യൂണൽ ബെഞ്ച് വേണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. എല്ലായിടത്തും ബെഞ്ചുകൾ അനുവദിച്ചാൽ ട്രിബ്യൂണൽ ജഡ്ജിമാരും, മറ്റ് അംഗങ്ങളും ജോലിയില്ലാതെ വെറുതെ ഇരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2021 മാർച്ചിനും, 2022 ഫെബ്രുവരിക്കും ഇടയിൽ ദേശിയ ഹരിത ട്രിബ്യൂണലിന്റെ വിവിധ ബെഞ്ചുകൾ 2799 കേസ്സുകൾ തീർപ്പാക്കി. ഇപ്പോഴും പരിഗണനയിൽ ഉള്ള കേസുകളുടെ എണ്ണം 2237 എണ്ണം മാത്രമാണ്. വലിയ തോതിൽ കേസുകൾ കെട്ടിക്കിടക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ബെഞ്ചുകൾ അനുവദിക്കണമെന്ന ആവശ്യം ന്യായമല്ലെന്ന് ജസ്റ്റിസ്മാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

