ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല… ലാൽസലാം’ : -വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ഭഗത് സിംഗിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ‘ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്, എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഭഗത് സിംഗ് ഉണ്ടാകും, ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല… ലാൽസലാം’ – ഇങ്ങനെയായിരുന്നു ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

നേരത്തെ കർണാടകയിലെ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് ഭഗത് സിംഗിനെ ഒഴിവാക്കിയതിൽ രൂക്ഷ വിമ‍ർശനമാണ് ഉയർന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ത്യാഗോജ്വലമായ പോരാട്ടം നടത്തിയ ഭഗത് സിംഗിനെ അപമാനിക്കുന്നതാണ് ഇതെന്നും കർണാടക സ‍ർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

അതേസമയം ഭഗത് സിംഗിനെ ഒഴിവാക്കിയ പാഠ പുസ്തകത്തിൽ ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശസംസ്കാരവും സാമൂഹികമൂല്യങ്ങളും സംബന്ധിച്ചുള്ള ഹെഡ്ഗേവാറിന്റെ പ്രസംഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് എതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവത്കരണത്തിൻറെ ഭാഗമാണെന്നും പാഠഭാഗം പിൻവലിക്കണമെന്നും ഇടത് സംഘടനകൾ ആവശ്യപ്പെട്ടു.

എന്നാൽ ഹെഡ്ഗേവാറ് മുന്നോട്ട് വച്ച സാംസ്കാരിക മൂല്യങ്ങൾ മാത്രമാണ് ഉൾകൊള്ളച്ചിരിക്കുന്നത് എന്നും പിൻവലിക്കേണ്ട കാര്യമില്ലെന്നമാണ് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ നിലപാട്

Share
അഭിപ്രായം എഴുതാം