പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം യാഥാർത്ഥ്യമാവുന്നു

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനായി കേരള പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം യാഥാർത്ഥ്യമാവുകയാണ്. പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം 18/05/22 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 5600 എണ്ണമാണ്. ഭൂരിഭാഗവും തെളിയിക്കപ്പെടാതെ പോയി എന്നാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. സൈബർ സെല്ലോ ക്രൈംബ്രാഞ്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിച്ച് ഒരു തുമ്പും ഇല്ലാതെ തെളിയിക്കപ്പെടാതെ പോയ കേസുകകൾ ഒട്ടനവധിയാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത്. 226 തസ്തികകൾ ഈ വിഭാഗത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എഡിജിപിയുടെ നേതൃത്വത്തിലും നോർത്ത്‌, സൗത്ത്‌ മേഖലകളിൽ ഡിഐജിമാരുടെ നേതൃത്വത്തിലും നാല്‌ റേഞ്ചിൽ എസ്‌പിമാരുടെ നേതൃത്വത്തിലും മുതിർന്ന ഉദ്യോഗസ്ഥർ പുതിയ അന്വേഷണ വിഭാഗത്തെ നിയന്ത്രിക്കും.

കൊല്ലം കോളേജ് ജംഗ്ഷനിൽ ഒരു കമ്പ്യൂട്ടർ ഷോറൂം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒക്ടോബറിൽ വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായിരുന്നു. ഒക്ടോബർ 17 ന് പുലർച്ചെ 6.15 ന് ശ്രീജിത്തിൻറെ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിൽ നിന്നും അഞ്ച് തവണ പണം പിൻവലിച്ച് ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് അജ്ഞാതൻ 75000 രൂപയ്ക്ക് സാധനം വാങ്ങി. ശ്രീജിത്തിൻറെ മൊബൈലിലെ ഒടിപി നമ്പർ വിദഗ്ദമായി ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. എട്ട് തവണ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അഞ്ച് തവണ മാത്രമേ വിജയിച്ചുള്ളൂ. കൊല്ലം സൈബർ പൊലീസിന് അന്ന് തന്നെ ശ്രീജിത്ത് പരാതി നൽകി. ഏഴുമാസമായിട്ടും ഒരു തുമ്പും നമ്മുടെ സൈബർ പൊലീസിന് ലഭിച്ചില്ല. ഫ്ലിപ്പ്കാർട്ടിൽ നിന്നും എസ്ബിഐയിൽ നിന്നും വിവരം ലഭിക്കുന്നില്ലെന്നാണ് ശ്രീജിത്തിനോട് കൊല്ലം സൈബർ പൊലീസ് നൽകുന്ന മറുപടി. സമാനമായ തട്ടിപ്പിനിരയായ ഇന്ത്യയിലെ നിരവധി പേരെ ഉൾപ്പെടുക്കി വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, തട്ടിപ്പിനെതിരെ പോരാട്ടം നടത്തുകയാണ് ശ്രീജിത്ത്.

ആൾബലമില്ലാത്തതും സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തതയും സൈബർ രംഗത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കുറവുമാണ് കേരള പൊലീസിന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാന ഡിജിപിയുടെ പേരിൽ വരെ ഓൺലൈൻ തട്ടിപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഡി.ജി.പിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് കൊല്ലം സ്വദേശിനിയുടെ പക്കൽ നിന്ന് ഇക്കഴിഞ്ഞ മാർച്ചിൽ 14 ലക്ഷം നൈജീരിയൻ സ്വദേശി തട്ടിയത്..ഡിജിപി ആയതിനാൽ മൂന്ന് ദിവസത്തിനകം കേരള പൊലീസ് സർവശക്തിയുമെടുത്ത് പ്രതിയെ പിടിച്ചു. എന്നാൽ സാധാരണക്കാരായ എത്രയോ പേർക്കാണ് ഇത്തരം കേസുകളിൽ നീതി ലഭിക്കാത്തത്. നേരത്തേ ക്രൈംബ്രാഞ്ചിന്‌ കീഴിൽ ഡിഐജിയുടെ നേതൃത്വത്തിൽ ‘ഇക്കണോമിക്‌ ഒഫൻസ്‌ വിങ്‌’ ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →