ഇടുക്കി: യൂറോപ്പിലും ഗള്‍ഫ് നാടുകളിലും വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം ജമീല മന്‍സില്‍ അബ്ദുല്‍ കെ നാസറി(56)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ചെറുപുഴ തയ്യേനിയിലെ പാലപ്പറമ്പില്‍ ലിപിന്‍ മാത്യുവിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്ക് വിസ തരപ്പെടുത്തി തരാമെന്നു പറഞ്ഞ് ലിപിന്റെ കൈയില്‍നിന്ന് 60 ലക്ഷം രൂപ ഇയാള്‍ വാങ്ങിയിരുന്നു. പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ലിപിന്‍ ചെറുപുഴ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇടുക്കി കുമളി ബസ്സ്റ്റാന്റില്‍വച്ച് തളിപ്പറമ്പ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിസ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ഡസന്‍കണക്കിന് ആളുകളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന പരാതികള്‍ ഇയാളുടെ പേരിലുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ തേക്കടിയിലെ പമ്പ് ഓപ്പറേറ്ററാണ് നാസര്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെയും മകന്‍ മുരളിയുടെയും ഡ്രൈവറായും പ്രവര്‍ത്തിച്ചയാളാണ്. കഴിഞ്ഞ 20 ദിവസമായി പകരം ഒരാളെ പമ്പ് ഓപ്പറേറ്ററാക്കി വച്ചിട്ട് ജോലി സ്ഥലത്തുനിന്ന് മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

