ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മണിക്കിണറായ കുലപനീ തീര്‍ഥം വൃത്തിയാക്കിയപ്പോള്‍ അതില്‍ നിന്ന് ഒരുപാട് ചെമ്പ് നാണയങ്ങള്‍, ഓട്ടക്കാലണകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ ലഭിച്ചതായി വാര്‍ത്ത വന്നിരുന്നു.
വിഗ്രഹങ്ങളുടെയും മറ്റും കാലപ്പഴക്കം നിര്‍ണയം പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ച് വ്യക്തമായി പഠിക്കേണ്ടതാണ്. ഈ വിഗ്രഹങ്ങള്‍ പലതും ഇപ്പോഴത്തെ ക്ഷേത്രാരാധന സങ്കല്‍പവുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവയല്ല. ഉദാഹരണത്തിന് ധാരാളമായി ലഭിച്ച ശിവലിംഗങ്ങള്‍. നിലവില്‍ ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി ഭരതനാണ്. രാമായണ പാരമ്പര്യവുമായി ഇതിനെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ‘ഭരതേശ്വരന്‍’ എന്ന ജൈനദേവ സങ്കല്‍പവുമായി ഇതിനുള്ള ബന്ധം സ്ഥാപിക്കുന്ന ചരിത്രവാദം ഇപ്പോഴും സജീവമാണ്. കൊടുങ്ങല്ലൂരിന്റെ ജൈനബന്ധങ്ങളും ഇരിങ്ങാലക്കുടയിലെ ചരിത്രരേഖകളുംഈ വാദത്തിന് ബലം നല്‍കുന്നുണ്ട്.
കേരളത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ള തെളിവുകള്‍ പ്രകാരം ആഗമികസമ്പ്രദായത്തില്‍ വിഗ്രഹാരാധന തുടങ്ങിയതും ക്ഷേത്രങ്ങളുടെ നിര്‍മ്മാണവും ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടോടെയാണെന്ന് ചരിത്രപണ്ഡിതന്മാര്‍ വാദിക്കുന്നു. ശ്രീകോവിലുകള്‍ ഉള്ള പഴയ മാതൃകയിലുള്ള ക്ഷേത്രങ്ങളും ശിലാരേഖകളും ആണ് ഈ വാദത്തിന് അടിസ്ഥാനം.
ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് കല്‍പ്പിക്കപ്പെടുന്ന വാഴപ്പള്ളി ശാസനമാണ് ബ്രാഹ്മണ്യവിധിപ്രകാരമുള്ള ക്ഷേത്രത്തിന്റേയും ശൈവാരാധനയുടേയും ആദ്യ സൂചന. ഇരിങ്ങാലക്കുടയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ക്ഷേത്രത്തെ കുറിച്ച് സൂചന നല്‍കുന്ന ആദ്യ ശിലാശാസനം 854 ഏ ഡി യിലെ സ്ഥാണുരവിയുടെതാണ്. കേരളത്തില്‍ പൊതുവായി കാണപ്പെടുന്ന ശിലാശാസനങ്ങള്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണ്. പെരുമാള്‍ ഭരണകാലത്തെ ശാസനങ്ങള്‍ അധികവും ക്ഷേത്രത്തിലേക്ക് ചെയ്ത സാധനസാമഗ്രികളോ ഭൂമിയോ ഉള്‍പ്പെടുന്ന ദാനങ്ങളെക്കുറിച്ചുള്ളതാണ്. പിന്നീട് ചാലക്കുടിയിലെ പോട്ടയില്‍ നിന്ന് ലഭിച്ച ഭാസ്‌കര രവിയുടെ മറ്റൊരു ശാസനം ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്കുള്ള ദാനത്തെക്കുറിച്ച് ആയിരുന്നു.
ഇതെല്ലാം പറഞ്ഞത് ഒന്‍പതാം നൂറ്റാണ്ട് മുതല്‍ തന്നെ ക്ഷേത്രത്തിനുള്ള പ്രാധാന്യത്തെ സൂചിപ്പിക്കാന്‍ ആയിരുന്നു. പിന്നീട് ഇരിങ്ങാലക്കുട കൊച്ചി രാജാവിനെ കീഴില്‍ വരികയും എന്നാല്‍ ക്ഷേത്രം തിരുവിതാംകൂറിലേതായി മാറുകയും ചെയ്തു. പിന്നീടാണ് തച്ചുടയ കൈമളിന് അവിടെ തീരുമാനങ്ങളെടുക്കാന്‍ അധികാരം കൈവരുകയും ചെയ്യുന്നത്. കേരള ഗവണ്‍മെന്റ് ഒരു ആക്ട് നടപ്പാക്കി എഴുപതുകളിലാണ് ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുന്നത്.
ക്ഷേത്രത്തിലേക്ക് ധാരാളം സംഭാവനകള്‍ നടന്നിരിക്കാം. പക്ഷേ പൊതുവില്‍ വിലപിടിപ്പുള്ള ഓട്ട വിളക്കുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയ വെള്ളത്തില്‍ ഇടുന്ന പതിവില്ല. ക്ഷേത്രത്തിലേക്കുള്ളതാണെങ്കില്‍ ക്ഷേത്രത്തിനകത്താണ് സൂക്ഷിക്കുക. എന്നാല്‍ ഇവിടെ ലഭ്യമായിട്ടുള്ള വിഗ്രഹങ്ങള്‍ പ്രത്യേക പഠനത്തിന് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് ലഭിച്ചിരിക്കുന്ന ശിവലിംഗങ്ങളും മറ്റും നിലവില്‍ ക്ഷേത്രത്തിന് ശ്രീകോവിലിനുള്ളിലല്ലാതെ മറ്റൊരു ആരാധനാമൂര്‍ത്തി ഇല്ല. പക്ഷേ നമുക്ക് ലഭ്യമായിട്ടുള്ളതിലേറെയും ഇത്തരത്തില്‍ ബന്ധം കല്‍പ്പിക്കാനാവാത്ത വിഗ്രഹങ്ങളും! നാണയങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്നത് ആദ്യമായല്ല.
എങ്കിലും ഭക്തര്‍ കുളത്തിലേക്ക് എറിഞ്ഞതാവാമെന്ന് കണക്കാക്കിയാലും, ആ കണക്കില്‍ നോക്കിയാല്‍ നമുക്ക് ലഭിച്ചിരിക്കുന്ന നാണയങ്ങള്‍, ഓട്ടക്കാല്‍,അണകള്‍, തുലോം തുച്ഛമാണ്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആവുന്നവ മാത്രം! ചെമ്പുതകിടുകളും പ്രത്യേക പഠനം ആവശ്യപ്പെടുന്നുണ്ട്. ചെമ്പുതകിടുകളില്‍ ആലേഖനം ചെയ്ത രീതികള്‍ താന്ത്രികാരാധനാ രീതികളോട് ബന്ധമുള്ളവയാണെന്നാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാവുക. എന്നാല്‍ താന്ത്രികാരാധന പൊതുവെ ദേവീ-സങ്കല്‍പവുമായി ബന്ധമുള്ളവയാണ് താനും! കല്ലില്‍ കൊത്തിയ നാഗരൂപങ്ങളും കൗതുകമുണര്‍ത്തുന്നവയാണ്. സാധാരണ ക്ഷേത്രത്തില്‍ നാഗപ്രതിഷ്ഠകള്‍ സ്വാഭാവികമാണെങ്കിലും ഇരിങ്ങാലക്കുടയില്‍ നാഗപ്രതിഷ്ഠ ഇല്ല. ഉണ്ടായിരുന്നതായി തെളിവുകളും ഇല്ല. ഇത്തരം കല്‍വിഗ്രഹങ്ങള്‍ പ്രത്യേകിച്ച് നാഗദേവ വിഗ്രഹങ്ങള്‍ വിശ്വാസരൂപമനുസരിച്ച് വെറുതെ വെള്ളത്തില്‍ എറിയുന്നവയല്ല. അതുകൊണ്ടുതന്നെ ഈ രൂപങ്ങളെല്ലാം മറ്റെന്തൊക്കെയോ സൂചിപ്പിക്കുന്നവയാകാം. പുരാവസ്തുവകുപ്പിന്റെ പഠനങ്ങളില്‍ ഇതിനെല്ലാമുള്ള വിശദീകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
.
.

