ചണ്ഡിഗഡ്: ഹരിയാനയിലെ കര്‍ണാലില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ എന്നു സംശയിക്കുന്ന നാലുപേര്‍ പോലീസിന്റെ പിടിയിലായി. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും ഇവരില്‍നിന്ന് കണ്ടെടുത്തു. മഹാരാഷ്ട്രയിലും തെലങ്കാനയിലും സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ഇന്നോവ കാറില്‍ പോകുന്നതിനിടെ പുലര്‍ച്ചെ ബസ്താര ടോള്‍ പ്ലാസയില്‍വച്ചാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.പഞ്ചാബ് സ്വദേശികളായ ഗുരുപ്രീത്, ഭൂപീന്ദര്‍, അമന്‍ദീപ്, പര്‍മിന്ദര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാലുപേരും പാകിസ്താന്‍ ചാരസംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യയിലുടനീളം ഇവര്‍ സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്യാറുണ്ടെന്നും കരുതുന്നു. മറ്റൊരു ഭീകരനായ ഹര്‍വിന്ദര്‍ സിങ് പാകിസ്താനില്‍വച്ചു കൈമാറിയ സ്ഫോടകവസ്തുക്കളാണ് ഇവര്‍ കൊണ്ടുവന്നത്. കുറഞ്ഞത് രണ്ടു സ്ഥലത്തെങ്കിലും മാരക പ്രഹരശേഷിയുള്ള ഐ.ഇ.ഡികള്‍ ഇവര്‍ മുമ്പു വിതരണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു നാടന്‍ പിസ്റ്റളും 31 വെടിയുണ്ടകളും ഐ.ഇ.ഡി നിറച്ച മൂന്ന് പെട്ടികളുമാണ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് കര്‍ണാല്‍ ഐ.ജി: സതേന്ദര്‍ കുമാര്‍ ഗുപ്ത അറിയിച്ചു.
സ്ഫോടകവസ്തുക്കളുമായി ഖാലിസ്ഥാന്‍ ഭീകരര്‍ എന്നു സംശയിക്കുന്ന നാലു പേര്‍ പിടിയില്‍
