ന്യൂഡൽഹി: ഡൽഹി സർക്കാരിനും ലോക് നായക് ജയപ്രകാശ് ആശുപത്രി അധികൃതർക്കും എതിരെയുള്ള കോടതിയലക്ഷ്യ ഹർജി ഡൽഹി ഹൈക്കോടതി സ്വീകരിച്ചു. ഡൽഹി സർക്കാരിന്റെ ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എതിരെയുള്ള ഹർജികളാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. അഡ്വക്കറ്റ് അവധ് കൗശിക് ആണ് കേസ് ഫയൽ ചെയ്തത്. കേസ് ഫയലിൽ സ്വീകരിച്ച ഡൽഹി ഹൈക്കോടതി പതിനഞ്ചാം തീയതിയിലേയ്ക്ക് കേസ് ലിസ്റ്റ് ചെയ്തു. കൊറോണ രോഗ ചികിത്സയിലും രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനും കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്ങ്മൂലത്തിൽ ബോധിപ്പിച്ച് പ്രകാരമുള്ള പ്രോട്ടോക്കോൾ പാലിച്ച് കൊള്ളാമെന്ന് കോടതിയെ അറിയിച്ചിരുന്നുവെങ്കിലും, അവ ലംഘിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചാണ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. കൊറോണ രോഗികളെ കിടത്തി ചികിത്സിക്കുന്ന കട്ടിലിനടിയിൽ അബോധാവസ്ഥയിൽ രോഗികൾ കിടക്കുന്നതും, രോഗം ബാധിച്ച് മരിച്ചവരുടെ നഗ്നശരീരങ്ങളും എല്ലാം അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു കൊണ്ടുള്ള വാർത്തകൾ പരാതിക്കാരൻ കോടതിക്ക് മുമ്പാകെ തെളിവായി ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടരുത്; എന്നാൽ കോടതിവിധി പാലിക്കാത്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യ ഹർജി ഡൽഹി കോടതി സ്വീകരിച്ചു.
