ഒരു ഊമക്കത്തിലൂടെ ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ : അപകട ഇന്‍ഷ്വറന്‍സ്‌ തട്ടാന്‍ തിരുവനന്തപുരത്ത് മാത്രം 300ലധികം വ്യാജ കേസുകള്‍

തിരുവനന്തപുരം : വാഹനാപകട ഇന്‍ഷ്വറന്‍സ്‌ തട്ടിയെടുക്കാന്‍ തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ കേസുകളുണ്ടാക്കിയതായി കണ്ടെത്തല്‍. ഒരു ഊമ കത്തില്‍ നിന്നാണ്‌ ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത്‌. ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം കണക്കാണിത്‌. സംഭവിക്കാത്ത അപകടങ്ങള്‍ ഭാവനയില്‍ എഴുതിച്ചേര്‍ത്ത കേസുകള്‍ ഉണ്ടാക്കുകയാണ്‌ ആദ്യം ചെയ്യുക. പിന്നെ ഇതിന്‌ സാധുത നല്‍കാന്‍ വ്യാജ ചികിത്സാ രേഖകള്‍ ഉണ്ടാക്കും. അപകടങ്ങലില്‍പെട്ട്‌ ജീവിതം പ്രതിസന്ധിയിലായവരെയാണ്‌ ഇന്‍ഷ്വറന്‍സ്‌ തുക വാങ്ങി നല്‍കാമെന്ന്‌ പ്രേരിപ്പിച്ച ഇടനിലക്കാര്‍ കളളക്കേസുണ്ടാക്കാന്‍ വലയിലാക്കിയത്‌. പോലീസും അഭിഭാഷകരും ഇടനിലക്കാരും ഡോക്ടര്‍മാരും എല്ലാം ചേര്‍ന്ന്‌ ഇന്‍ഷ്വറന്‍സ്‌ തുക തട്ടിയെടുത്തുവെന്ന്‌ വ്യക്തമായതോടെ ഇന്‍ഷ്വറന്‍സ്‌ കമ്പനി ക്രൈം ബ്രാഞ്ചിനെ സമീപിച്ചു.

ഇന്‍ഷ്വറന്‍സ്‌ കമ്പനി കണ്ടെത്തിയ 12 തട്ടിപ്പുകളില്‍ കേസെടുത്ത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരുകയാണ്‌. ഇതിനിടെയാണ്‌ ഓരോ കേസുകളും ഇന്‍ഷ്വറന്‍സിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം പരിശോധിച്ചത്‌. തിരുവനന്തപുരത്ത് മാത്രം 300ലധികം കേസുകളില്‍ തട്ടിപ്പുനടന്നതായി വ്യക്തമായിട്ടുണ്ട്‌. ഇത്‌ ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ മാത്രം കണ്ടെത്തലാണ്‌.

ഇന്‍ഷ്വറന്‍സ്‌ തട്ടിപ്പിന്റെ പിന്നിലുളളത്‌ സംഘടിതരായ സാമ്പത്തിക തട്ടിപ്പുകാരാണെന്നും കൂടുതല്‍ ജില്ലകളില്‍ അന്വേഷണം നടത്തിയാല്‍ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്‌ ആകുമെന്നും ക്രൈംബ്രാഞ്ച്‌ ഐജി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →