കുടുംബശ്രീ ഹോംഷോപ്പുകള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു: അടുത്ത മാസം പെരിന്തല്‍മണ്ണയില്‍ തുടങ്ങും

മായമില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ന്യായ വിലയ്ക്ക് വീടുകളിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ ഹോംഷോപ്പുകള്‍ ജില്ലയില്‍ വിപുലീകരിക്കുന്നു. കൊണ്ടോട്ടിയിലും അരീക്കോട്ടും ഹോംഷോപ്പുകള്‍ തുടങ്ങിയ കുടുംബശ്രീ ജില്ലാമിഷന്‍ അടുത്ത മാസം പെരിന്തല്‍മണ്ണയിലും സംരംഭം തുടങ്ങും. അടുത്ത ഘട്ടത്തില്‍ നിലമ്പൂര്‍, മങ്കട, വണ്ടൂര്‍ തുടങ്ങി ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. സി.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളില്‍ ഭക്ഷ്യോത്പ്പന്നങ്ങള്‍ എത്തിക്കുന്നതാണ് ഹോംഷോപ്പ് പദ്ധതി. അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി 40 ഓളം ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.സി.ഡി.എസുകളിലെയും അയല്‍ക്കൂട്ടങ്ങളിലെയും രണ്ടു വീതം വനിതകള്‍ക്ക് 200 വീടുകള്‍ വീതം നല്‍കി ഭക്ഷ്യോത്പ്പന്നങ്ങളും ശുചീകരണ ഉല്‍പ്പന്നങ്ങളും ന്യായ വിലയില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീ. 10 ലക്ഷം രൂപയാണ് ജില്ലയില്‍ പദ്ധതി നടത്തിപ്പിനായി നീക്കിവെച്ചിരിക്കുന്നത്. ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങി വില്‍പ്പന നടത്തുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് 20 ശതമാനം വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് പറഞ്ഞു. വിതരണക്കാരായ വനിതകള്‍ക്ക് ലാഭത്തിന് അനുസരിച്ച് പ്രതിഫലവും നല്‍കും. ഭക്ഷ്യോത്പ്പന്നങ്ങള്‍ ന്യായ വിലയില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയായതിനാല്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 19ന് കൊണ്ടോട്ടിയിലും അരീക്കോട് മാര്‍ച്ച് 22നുമാണ് ഹോം ഷോപ്പുകള്‍ തുടങ്ങിയത്.

കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേത്യത്വത്തിലുള്ള പ്രാദേശിക യൂണിറ്റുകള്‍ നിര്‍മിക്കുന്ന മായമില്ലാത്തതും വിഷമുക്തവുമായ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരവിപണി കണ്ടെത്തുകയും ഉല്‍പ്പാദന രംഗത്തും വിപണനരംഗത്തും വനിതകള്‍ക്ക് സ്ഥിരം ജോലിയും സ്ഥിരവരുമാനവും ഉറപ്പാക്കുന്നതുമാണ് പദ്ധതി. സി.ഡി.എസ് ലെവല്‍ കോര്‍ഡിനേറ്റര്‍മാര്‍, വാര്‍ഡ് തല ഫെസിലിറ്റേറ്റര്‍മാര്‍, ഹോം ഷോപ്പ് ഉടമകള്‍ എന്നിങ്ങനെ ഓരോ പഞ്ചായത്തിലും നൂറിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി നിര്‍വഹണം. ഹോം ഷോപ്പ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ‘ നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യത്തോടെ സ്വാശ്രയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കണമെന്ന് അയല്‍ക്കൂട്ടം തലം വരെ പ്രചാരണം നടത്തും.

ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡിലും ചുരുങ്ങിയത് നാല് ഹോം ഷോപ്പുകളെങ്കിലും സ്ഥാപിക്കും. നാല്‍പ്പതിലേറെ ഉല്‍പ്പാദന യൂണിറ്റുകള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ തുടക്കത്തില്‍ തന്നെ വീടുകളില്‍ എത്തിക്കാന്‍ സാധിച്ചതായും കുടുംബശ്രീ അധികൃതര്‍ വ്യക്തമാക്കി. കൊണ്ടോട്ടിയിലെയും അരീക്കോട്ടെയും ഹോം ഷോപ്പ് ഓണര്‍മാര്‍ക്ക് യൂണിഫോം, ബാഗ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സൗജന്യമായി നല്‍കിയിട്ടുണ്ട്. ആറുമാസക്കാലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഷോപ്പ്  ഉടമകള്‍ക്ക് ഇരുചക്രവാഹനം വാങ്ങുന്നതിന് 80000 രൂപ പലിശ രഹിത വായ്പയും അനുവദിക്കും. 50000 രൂപ വരെ സംരംഭകത്വ വായ്പയായും നല്‍കും. രണ്ട് വര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ തുടങ്ങാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →