യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എന്‍

മോസ്‌കോ: യുദ്ധത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും യുക്രൈന്‍ ജനതയുടെ ദുരിതം കുറയ്ക്കാന്‍ റഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്. യുക്രൈനില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ സാഹചര്യമൊരുക്കാനാണു യു.എന്‍. ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമാധാനനീക്കങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മോസ്‌കോയിലെത്തിയതായിരുന്നു ഗട്ടറെസ്. യുക്രൈനുമായുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന റഷ്യന്‍ മുന്നറിയിപ്പു പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് യു.എന്‍. മേധാവി മോസ്‌കോയില്‍ വിമാനമിറങ്ങിയത്. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം നാളെ യുക്രൈനിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്തും.

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഗട്ടറെസ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനെ സന്ദര്‍ശിച്ചു. യുദ്ധം അവസാനിപ്പിക്കാനും യുക്രൈന്‍ ജനതയുടെ ദുരിതത്തിനു പരിഹാരം കാണാനുമാണു മുഖ്യപരിഗണനയെന്നു ഗട്ടറെസ് പറഞ്ഞു. യുക്രൈനില്‍ എന്താണു സംഭവിക്കുന്നതെന്ന കാര്യത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഗുരുതരസാഹചര്യമാണു നാം നേരിടുന്നത്. എന്നാല്‍, ഗൗരവതരമായ ചര്‍ച്ചകള്‍ക്കു ഭിന്നതകള്‍ തടസമല്ല. ജനതയുടെ ദുരിതം കുറയ്ക്കുകയാണു മുഖ്യം. സമാധാനദൂതനായാണു താന്‍ റഷ്യയില്‍ എത്തിയിട്ടുള്ളതെന്നും ഗട്ടറെസ് വ്യക്തമാക്കി. യുക്രൈനില്‍ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയാണു യു.എന്‍. ലക്ഷ്യമെന്നു സെക്രട്ടറി ജനറലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാര്‍ക്കു സുരക്ഷിതപാതയൊരുക്കാന്‍ യു.എന്‍, റഷ്യ, യുക്രൈന്‍ അധികൃതര്‍ ഉള്‍പ്പെട്ട ആശയവിനിമയസംവിധാനം ഒരുക്കണമെന്ന നിര്‍ദേശവും ഗട്ടറെസ് മുന്നോട്ടുവച്ചു. ഒഴിപ്പിക്കല്‍ സാധ്യമാക്കാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. യുക്രൈനിലെ മരിയുപോള്‍ നഗരത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും അവിടേക്കു സഹായമെത്തിക്കാന്‍ യു.എന്‍. തയാറാണെന്നും ഗട്ടറെസ് വ്യക്തമാക്കി. എത്രയും വേഗം സമാധാനം സ്ഥാപിക്കപ്പെടുന്നതാണു റഷ്യയ്ക്കും യുക്രൈനും ലോകത്തിനുതന്നെയും നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബഹുമുഖത്വം അംഗീകരിക്കുകയാണു സമാധാനശ്രമങ്ങള്‍ക്ക് ആവശ്യമെന്നും എന്നാല്‍, പാശ്ചാത്യരാജ്യങ്ങള്‍ അതിനോടു മുഖം തിരിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് കുറ്റപ്പെടുത്തി. ഏകശിലാത്മകമായ ലോകഘടന അടിച്ചേല്‍പ്പിക്കാനാണു പാശ്ചാത്യരാജ്യങ്ങളുടെ ശ്രമം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരതുല്യത ഉറപ്പാക്കുകയാണു യു.എന്‍. നയം. എന്നാല്‍, യുക്രൈനെ ഉപയോഗിച്ച് റഷ്യയെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനുമാണു പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുന്നത്. റഷ്യയുടെ ഭൗമമേഖലയില്‍ കടന്നുകയറാനും യുക്രൈനില്‍ റഷ്യയുടെ സ്വാധീനം അവഗണിക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. റഷ്യയുമായി നാറ്റോ നിഴല്‍യുദ്ധം നടത്തുകയാണ്. യുക്രൈന്‍ അതിര്‍ത്തി കടന്നും ഏറ്റുമുട്ടല്‍ വ്യാപിച്ചാല്‍ ഉത്തരവാദിത്തം റഷ്യയ്ക്കായിരിക്കില്ല. യുക്രൈനിലെ നാസി ഭരണകൂടത്തില്‍നിന്നുള്ള മോചനമാണു ഡോണ്‍ബാസ് മേഖലയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, സാധാരണക്കാരെ സംരക്ഷിക്കാനുള്ള യു.എന്‍. ശ്രമങ്ങളോടു സഹകരിക്കുമെന്നും ലാവ്റോവ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →