കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും പൊട്ടിത്തെറിച്ച് ഹാര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. താന്‍ ഇപ്പോഴും സജീവമാണെന്നും എന്നാല്‍, പാര്‍ട്ടിയില്‍ തുടരുമോയെന്ന് ഉറപ്പാക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോര് തന്നെ നിര്‍വീര്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഹാര്‍ദിക് ആരോപിച്ചു. ”ഞാന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനാണ്. ഞാന്‍ പുറത്തു പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. മാനസികമായി തകര്‍ത്ത് എന്നെ നിര്‍വീര്യനാക്കാനാണ് അവരുടെ ശ്രമം” -ഇംഗ്ലീഷ് ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിന്റെ ക്ലിപ്പിങ്ങുകള്‍ക്കൊപ്പം ഹാര്‍ദിക് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ പാട്ടിദാര്‍ പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന ഹാര്‍ദിക് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, ഈ വര്‍ഷം അവസാനം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഹാര്‍ദിക് വിമതസ്വരം ഉയര്‍ത്തുന്നത് കോണ്‍ഗ്രസിന് തലവേദനയാണ്.

സംസ്ഥാന നേതൃത്വം തന്നെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് ഈ മാസം ആദ്യം ഹാര്‍ദിക് ആരോപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ അറിയിക്കാറില്ല.പാര്‍ട്ടി തീരുമാനങ്ങളില്‍ ആരും തന്റെ അഭിപ്രായങ്ങളും തേടാറില്ല. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയിലാണ് താനെന്നും ഹാര്‍ദിക് തുറന്നടിച്ചു. തീരുമാനമെടുക്കാനുള്ള ബി.ജെ.പി. നേതൃത്വത്തിന്റെ െവെഭവത്തെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ഗുജറാത്തിലെ ഏറ്റവും പ്രബലമായ പട്ടേല്‍ സമുദായം സംവരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പാട്ടിദാര്‍ പ്രക്ഷോഭം ഭരണ കക്ഷിയായ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാട്ടിദാര്‍ പ്രക്ഷോഭത്തിന്റെ മുഖ്യസൂത്രധാരന്‍ അന്ന് കേവലം 22 വയസുണ്ടായിരുന്ന ഹാര്‍ദിക്കായിരുന്നു.

വോട്ട് ബാങ്കായിരുന്ന പട്ടേല്‍ സമുദായം ബി.ജെ.പിക്ക് എതിരായതോടെ 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം തട്ടകത്തില്‍ ബി.ജെ.പിയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍, ഇതിനുശേഷം ഹാര്‍ദിക്കിനെ വേണ്ടവിധം ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →