തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം കരിച്ചാറയിൽ കെ-റെയിൽ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷെബീറിനെതിരെയാണ് റൂറൽ എസ്.പി അന്വേഷണം പ്രഖ്യാപിച്ചത്.2022 ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെ പ്രതിഷേധ ത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും നിലത്തുവീണ സമരക്കാരനെയാണ് പോലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടിയത്.
പോലീസുകാരൻ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സമരക്കാർക്കെതിരെ പോലീസിന്റെ ബലപ്രയോഗമുണ്ടായതും പിന്നീട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് പ്രതിഷേധം ശരക്തമായത്.
കോൺഗ്രസ് നേതാക്കൾ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം
ഷെബീറിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ വീഴ്ചകളാണുണ്ടായത് എന്ന് റിപ്പോർട്ട് കിട്ടിയ ശേഷം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. രാവിലെ കരിച്ചാറയിൽ മുന്നറിയിപ്പ് ഇല്ലാതെയാണ് ഉദ്യോഗസ്ഥർ എത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയത്.

