ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കു ശേഷം, കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആര് വാല്യു 1 കടന്നു. ജാഗ്രതവേണമെന്ന് ആരോഗ്യവിദഗ്ധര്‍. ഒരാളില്‍ നിന്ന് എത്രപേരിലേക്കാണ് െവെറസ് പടരുന്നതെന്നാണ് ആര് വാല്യു(റിപ്രൊഡക്ടീവ് നമ്പര്‍) സൂചിപ്പിക്കുന്നത്. ഏപ്രില്‍ 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ ആര് വാല്യു 1.07 ആയി ഉയര്‍ന്നതായി ചൈന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ഗവേഷകന് സീതാഭ്ര സിന്‍ഹ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 5 മുതല്‍ 11 വരെയുള്ള ആഴ്ചയില്‍ ഇത് 0.93 ആയിരുന്നു.
ജനുവരിക്കുശേഷം ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആര്. വാല്യു ഒന്നിനു മുകളില്‍ കടക്കുന്നത്. ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ ആര് വാല്യു 1.28 ആയിരുന്നു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആര് വാല്യു ഒന്നിനു മുകളിലാണ്. ആര് വാല്യു ഒന്നില്ത്താഴെയാണെങ്കില് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒന്നിനു മുകളിലാണെങ്കില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്.

