കോഴിക്കോട്: എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിർമാണം അന്തിമഘട്ടത്തിൽ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ കോഴിക്കോട് ബീച്ചിൽ പൂർത്തിയാകുന്നു. മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കനോലി കനാലിന്റെ മാതൃകയാണ് തയ്യാറാകുന്നത്. സ്റ്റാളുകളുടെയും കവാടത്തിന്റെയും നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാവും സ്റ്റാളിൽ ലഭ്യമാകുക.
ഏപ്രിൽ 19 മുതൽ 26 വരെയാണ് മെഗാ പ്രദർശന- വിപണന മേള നടക്കുന്നത്. ഏപ്രിൽ 19ന് വൈകീട്ട് നാലു മണിക്ക് മുതലക്കുളം മുതൽ ബീച്ചു വരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും.ഘോഷയാത്രയിൽ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടുത്തും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. 19ന് വൈകീട്ട് ആറു മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ കലാപരിപാടികൾ അരങ്ങേറും.
മേളയുടെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്ഡോർ ഡിസ്പ്ലേ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, തുടങ്ങിയവയുമുണ്ടാകും. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി.ആർ.ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രത്യേക തീം ഏരിയ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ നേട്ടങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കും.