ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോടു പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്നാണു സൂചന.
തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായി മാത്രം പ്രവര്‍ത്തിക്കരുതെന്നും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാനും നേതൃത്വം ആവശ്യപ്പെട്ടെന്നു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയില്‍ ചേരാന്‍ പ്രശാന്ത് കിഷോര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചും അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, 2024-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ 370 സീറ്റുകളിലാണു കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് പ്രശാന്ത് കിഷോറിന്റെ സഹായം തേടിയത്. പ്രശാന്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ആശയങ്ങളും പരിശോധിക്കാനായി ചെറിയ കമ്മിറ്റി രൂപീകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.2024-ലെ പൊതുതെരഞ്ഞെടുപ്പിലെ തന്ത്രം സംബന്ധിച്ച് ഇരുപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുമതലയും പാര്‍ട്ടി പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചേക്കും.

