അതിരപ്പള്ളി പദ്ധതിയ്ക്ക് എന്‍ഒസി നല്‍കി കേരള സര്‍ക്കാര്‍

അതിരപ്പള്ളി പദ്ധതിക്കായുള്ള കേന്ദ്രാനുമതിക്കുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ കെഎസ്ഇബിക്ക് എന്‍ഒസി നല്‍കി. ഏഴ് വര്‍ഷത്തേക്കാണ് എന്‍ഒസി നല്‍കിയിട്ടുള്ളത്. സിപിഐയുടേയും പരിസ്ഥിതി വാദികളുടേയും എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്ച(09-06-20)യാണ് സര്‍ക്കാരിന്റെ നടപടി.

അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി, സാങ്കേതിക അനുമതികള്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍ 2017 ജൂലൈ 18ന് പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ചു. വീണ്ടും അനുമതിക്കായി കേന്ദ്രത്തിനെ സമീപിക്കാന്‍ സംസ്ഥാനത്തിന്റെ എന്‍ഒസി ആവശ്യമാണ്.

ഇതിനായി 2019 ഒക്ടോബര്‍ 30ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ജൂണ്‍ ഒന്നിന് വൈദ്യുതി വകുപ്പ് ഇതിന് അനുമതി നല്‍കി.

സാങ്കേതിക, പാരിസ്ഥിതിക അനുമതിക്കുള്ള നടപടിക്ക് വേണ്ടിയാണ് ഏഴ് വര്‍ഷത്തേക്ക് എന്‍ഒസി നല്‍കിയത്. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയില്‍ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ഉത്തരവില്ലാത്തതിനാല്‍ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോകുകയാണ് ചെയ്തത്. എന്‍ഒസി നല്‍കിയത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന് മുന്‍പും എന്‍ഒസി പുതുക്കി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം നശിക്കുമെന്നും വന്‍തോതിലുള്ള പാരിസ്ഥിത ആഘാതമുണ്ടാകുമെന്നുമാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ നിലപാട്. കഴിഞ്ഞ 41 വര്‍ഷമായി ആതിരപ്പള്ളി പദ്ധതിയെ വിടാതെ പിന്തുടരുകയാണ് ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പിള്ളി.

വാഴച്ചാല്‍ വെള്ളചാട്ടത്തിന് 400 മീറ്റര്‍ മുകളിലായി ഒരു ഡാം പണിത് വെള്ളം സംഭരിച്ച് രണ്ട് രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിത്. ഡാമിന് തൊട്ടുതാഴെ പവര്‍ പ്ലാന്റില്‍ വൈദ്യുതി ഉല്‍പാദിപിച്ച് അതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക് ജലം ഒഴുക്കും, ടണല്‍ വഴി കൊണ്ടുവന്ന് മറ്റൊരു സ്ഥലത്ത് വൈദ്യുതി ഉല്‍പാദിപിച്ച് തിരികെ ചാലക്കുടി പുഴയിലേക്ക് തന്നെ ജലം ഒഴുക്കുന്നു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ വിജയകരമായ സാധ്യതയെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരിലുള്ള അഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →