രേഖാമൂലം അറിയിച്ചില്ല: കേന്ദ്രസമിതിയുടെ ഭാഗമാകില്ലെന്ന് കര്‍ഷക സംഘടനകള്‍

മുംബൈ: കാര്‍ഷിക പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള നിര്‍ദിഷ്ട സമിതിയുടെ ഭാഗമാകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം തള്ളി സംയുക്ത കിസാന്‍ മോര്‍ച്ച. സമിതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ പോലും കൈമാറിയില്ലെന്നും അംഗങ്ങളെ നിര്‍ദേശിക്കാനുള്ള അറിയിപ്പ് രേഖാമൂലം ലഭിച്ചില്ലെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കോളിലൂടെയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ പറഞ്ഞു. രേഖാമൂലം സര്‍ക്കാര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിക്കുന്ന സമിതിയിലേക്ക് രണ്ട് അംഗങ്ങളുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 22-ന് കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കര്‍ഷകസംഘടനാ നേതാവ് യുദ്ധ്വീര്‍ സിങ്ങിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, സമിതിയുടെ അടിസ്ഥാന വിവരങ്ങള്‍ പോലും നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റി, അതിലെ അംഗങ്ങള്‍, അതിന്റെ ചുമതല, റഫറന്‍സ് നിബന്ധനകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലുള്ള അടിസ്ഥാന വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതില്‍ ഫോണിലൂടെയുള്ള ആശയവിനിമയം പരാജയപ്പെട്ടു. രേഖാമൂലമുള്ള ടേംസ് ഓഫ് റഫറന്‍സ് ഇല്ലാത്ത ഏതെങ്കിലും കമ്മിറ്റിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഹനാന്‍ മൊല്ല ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →