ഇസ്ലാമാബാദ്: ഏഴ് എം.എന്‍.എമാരുള്ള എം.ക്യൂ.എം(പി) പിന്തുണ പിന്‍വലിച്ചതോടെ പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനു ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടമായി. അവസാന ബോള്‍ വരെ കളിതുടരുമെന്നു പ്രഖ്യാപിച്ച് അതിവേഗ നീക്കങ്ങളുമായി ഇമ്രാന്‍ കളത്തിലിറങ്ങിയതോടെ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ പോര് മുറുകി.പ്രധാന ഘടകകക്ഷിയായ എം.ക്യൂ.എം(പി) പിന്തുണ പിന്‍വലിച്ചതോടെ 342 അംഗ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 177 ആയി. അവിശ്വാസ പ്രമേയം പാസാകാന്‍ 172 എം.എന്‍.എമാരുടെ പിന്തുണ മതിയാകും. ഔദ്യോഗികമായി ഇമ്രാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ്(പി.ടി.ഐ) പാര്‍ട്ടിക്കൊപ്പം 164 അംഗങ്ങളേയുള്ളൂ. പി.ടി.ഐയിലെ 24 വിമതര്‍കൂടി പ്രതിപക്ഷനിരയ്ക്കൊപ്പമുള്ളതിനാല്‍ അട്ടിമറികളുണ്ടായില്ലെങ്കില്‍ ഇമ്രാന്‍ ഖാനു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവരും. ഏപ്രില്‍ മൂന്നിനാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്. പ്രതിപക്ഷനിരയ്ക്കൊപ്പം ചേരാനുള്ള തീരുമാനം ഇന്നലെയാണ് എം.ക്യൂ.എം(പി) നേതാവും മന്ത്രിയുമായ അമിനുള്‍ ഹഖ് പ്രഖ്യാപിച്ചത്. മന്ത്രിസഭയില്‍നിന്നു രാജിവച്ചതായും അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ അതിവേഗ നീക്കങ്ങള്‍ക്കു തുടക്കം കുറിച്ചത്. തന്റെ സര്‍ക്കാരിനെതിരേ നടന്ന വിദേശ ഗൂഢാലോചനയുടെ തെളിവായി ഏതാനും രേഖകള്‍ അദ്ദേഹം അവതരിപ്പിച്ചു. ഒരു പാക് ഉദ്യോഗസ്ഥ പ്രമുഖനും ഒരു രാജ്യവുമായുള്ള ആശയവിനിമയ രേഖയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചത്. രേഖകള്‍ മാധ്യമങ്ങള്‍ക്കു െകെമാറാനോ, രാജ്യത്തിന്റെ പേര് വെളിപ്പെടുത്താനോ അദ്ദേഹം തയാറായില്ല. അമേരിക്കയാണ് ഉന്നംവയ്ക്കുന്നതെന്നു സൂചനയുണ്ട്. ക്യാബിനറ്റ് യോഗവും രേഖകള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നു ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം അതും വേണ്ടെന്നുവച്ചു.
തുടര്‍ന്നു രേഖകളുമായി പാക് െസെനിക മേധാവി ക്വമര്‍ ജാവേദ് ബജ്വയെയും ഐ.എസ്.ഐ. മേധാവി ലഫ്. ജനറല്‍ നദീം അന്‍ജുമിനെയും അദ്ദേഹം സന്ദര്‍ശിച്ചു. ഇമ്രാന്റെ നീക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം സിന്ധ് ഹൗസില്‍ ചേര്‍ന്നു. പി.ടി.ഐ. വിമതരായ 24 എം.എന്‍.എമാര്‍ ഇവിടെയാണു കഴിയുന്നത്.

