ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ പാക് സൈന്യം ഇമ്രാന് ഖാനു നിര്‍ദേശം നല്‍കിയതായി സൂചന. ഇമ്രാനെതിരേ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെയാണു സൈന്യത്തിന്റെ നിര്‍ണായക ഇടപെടല്‍. പാക് കരസേനാ മേധാവി ജനറല്‍ ക്വമാര്‍ ജാവേദ് ബജ്വ, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ചുമതലയുള്ള ലഫ്. ജനറല്‍ നദീം അന്‍ജും എന്നിവരാണു പ്രധാനമന്ത്രിയുടെ രാജിക്ക് നിര്‍ദേശം നല്‍കിയതെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നാണു പാക് ദേശീയ അംസംബ്ലിയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. സ്പീക്കര്‍ അംഗീകരിച്ചാല്‍ 28 നു നോട്ടീസ് ചര്‍ച്ചയ്ക്കെടുക്കും. പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചാല്‍ ശക്തമായ സമരമുണ്ടാകുമെന്നു പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് ഇമ്രാന് അധികാരം നിലനിര്‍ത്താന്‍ വേണ്ടത്. 2018 ല്‍ അധികാരമേറ്റപ്പോള്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രധാനമന്ത്രിക്കെതിരേ വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫിന്റെ(പി.ടി.ഐ) 24 എം.പിമാര്‍ രംഗത്തുണ്ട്. ഇവര്‍ പ്രതിപക്ഷം ഭരിക്കുന്ന സിന്ധിലേക്കു മാറി. ഈ സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഇമ്രാന് കനത്ത വെല്ലുവിളി മറികടക്കേണ്ടിവരും. വിമതര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്ന് ഇമ്രാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പാക് നിയമപ്രകാരം അതു വോട്ടെടുപ്പിനു ശേഷം മാത്രമേ പ്രയോഗിക്കാനാകൂ. അതേ സമയം, അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് ഇമ്രാന് ഖാന് പ്രതികരിച്ചു. മന്ത്രിമാര്‍ അടക്കം തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു പ്രതിപക്ഷം കോഴ വാഗ്ദാനം ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കളിയില്‍ പ്രതിപക്ഷം തോല്‍ക്കുമെന്നും ഇമ്രാന് അവകാശപ്പെട്ടു.സൈന്യവും ഇമ്രാനുമായുള്ള ഭിന്നത പരിഹരിക്കാന്‍ കരസേനാ മുന്‍ മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ സഹായം ഇമ്രാന് തേടിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഇമ്രാന് ഖാന്
