ന്യൂഡല്‍ഹി: 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിരോധ സെക്രട്ടറിയും സി.എ.ജിയുമായിരുന്ന ശശികാന്ത് ശര്‍മയ്ക്കും വ്യോമസേനാ ഉപമേധാവിയായിരുന്ന ജസ്ബീര്‍ സിങ് പനേസറടക്കം മുന്‍ സൈനികോദ്യോഗസ്ഥര്‍ക്കും എതിരേ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണു കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയത്തില്‍ വ്യോമസേനാ വിഭാഗം ജോയിന്റ് സെക്രട്ടറിയും പിന്നീടു പ്രതിരോധ സെക്രട്ടറിയുമായ ശര്‍മ, 2013 മുതല്‍ 2017 വരെ സി.എ.ജിയായും പ്രവര്‍ത്തിച്ചു.ഡെപ്യൂട്ടി ചീഫ് ടെസ്റ്റിങ് െപെലറ്റ് എസ്.എ. കുന്തെ, വിങ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്‍. സന്തോഷ് എന്നിവരുടെ പേരുകളും സി.ബി.ഐ. സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലുണ്ട്.
വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗിയടക്കം 12 പേര്‍ക്കെതിരേ സി.ബി.ഐ. നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഭരണതലത്തിലെ ഉന്നതര്‍ക്കായി 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു വ്യോമസേനയുടെ പദ്ധതി. 2010-ല്‍ ബ്രിട്ടീഷ്-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിനു കരാര്‍ ലഭിച്ചു. ഇവര്‍ക്കു കരാര്‍ കിട്ടാന്‍ ഇടയാക്കുന്ന തരത്തില്‍ സാങ്കേതിക നിബന്ധനകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. വിദേശികളായ ക്രിസ്റ്റിയന്‍ മൈക്കേല്‍, കാര്‍ഗോ ഗറോസ, ഗിഡോ ഹഷ്കെ തുടങ്ങിയവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്നും ആരോപണമുണ്ട്. കോഴ വിവാദം കനത്തതോടെ കരാര്‍ റദ്ദാക്കി.

