മോസ്‌കോ: ഫെയ്സ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നതായി റഷ്യന്‍ വിവര വിനിമയ ഏജന്‍സി റോസ്‌കോം നാഡ്സര്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരേ വിവേചനം കാണിക്കുന്നെന്നാരോപിച്ചാണ് അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കുന്ന പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിനെതിരേ നടപടി. റഷ്യയുടെ നടപടി ശരിയായില്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വേണ്ടി സമയം നല്‍കുന്നതിനാണു നിരോധനം നേരത്തെ പ്രഖ്യാപിച്ചത്. റഷ്യ നടത്തുന്ന സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ കമ്പനികളും റഷ്യന്‍ ഭരണകൂടവും തമ്മിലിടഞ്ഞത്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പിന്നാലെയായിരുന്നു നിരോധനം. സൈനിക നടപടിക്കെതിരേ റഷ്യന്‍ ജനതയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനപ്രിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ കാണിച്ച് രാജ്യം നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും വിലയിരുത്തുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു
