തിരുവനന്തപുരം: കോവിഡ് തകൃതിയിൽ ഉൾപ്പെട്ട വ്യാപാരി വ്യവസായികളെ സംരക്ഷിക്കുന്നതിനായി പാക്കേജ് നടപ്പാക്കുന്നത് പരിഗണിക്കാൻ കേരള ഹൈക്കോടതി നൽകിയ നിർദേശം സംസ്ഥാന ബജറ്റിൽ അവഗണിച്ചു എന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കോവിഡും ലോക്ക് ഡൗണും മൂലം സാമ്പത്തിക ബാധ്യതകൾ പെരുകുകയും കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹം ഗുരുതരമായ തകർച്ച നേരിടുകയും ചെയ്തിരുന്നു. നിരവധി ആളുകൾ സാമ്പത്തിക തകർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്ക് ധനസഹായം ചെയ്യണമെന്നും തകർച്ച നേരിട്ട വ്യാപാരി വ്യവസായികളെ സഹായിക്കുവാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സമിതി നൽകിയ ഹർജി തീർപ്പാക്കി കൊണ്ട് ഈ ആവശ്യം പരിഗണിക്കുവാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു. എന്നാൽ 2022-23 വർഷത്തെ ബജറ്റിൽ ഈ വിഭാഗങ്ങളുടെ കാര്യങ്ങൾ പരിഗണിച്ചിട്ടില്ല, കോടതിയിൽ നൽകിയ നിർദേശവും അവഗണിച്ചു എന്ന സംഘടന ആരോപിച്ചു.
കോവിഡാനന്തരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണകരായ വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി ഒരു നഷ്ടപരിഹാര പാക്കേജ് സർക്കാർ ബഡ്ജറ്റിൽ ഇടം നേടാതിരുന്നത് വിമര്ശനാത്മകമാണ്.
കഴിഞ്ഞ ബജറ്റിൽ വ്യാപാരി വ്യവസായികളുടെ കാര്യത്തിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയിട്ടില്ലാത്തതു കൊണ്ട് ഈ വർഷത്തെ ബജറ്റിനെ നടപ്പാക്കാൻ പോകുന്ന ഒരു ബജറ്റായി പരിഗണിക്കാൻ കഴിയുകയില്ല എന്നും ഒരു പ്രോജക്ട് ബജറ്റിന്റെ നിലവാരം മാത്രമേ അതിനുള്ളൂ എന്നും സംഘടനാ വിലയിരുത്തി.
വ്യവസായ മേഖലയുടെ ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1058.38 കോടിയിൽനിന്നും 1226.66 കോടി രൂപയായി നേരിയ വർദ്ധനവ് മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. കെ എസ് ഐ ഡി സി, കിൻഫ്രാ, പരമ്പരാഗത വ്യവസായങ്ങൾ, കശുവണ്ടി മേഖല, ഖാദി, കൈത്തറി തുടങ്ങിയ രംഗങ്ങളെ കാര്യമായി പരിഗണിച്ചിട്ടില്ല. നികുതിയിലൂടെ മാത്രം വരുമാനം കണ്ടെത്തുക എന്നുള്ള സർക്കാർ നയം വിമർശിക്കപ്പെടേണ്ടതാണ്.
വ്യവസായരംഗത്ത് ഇൻഫ്രാസ്ട്രക്ചർ രൂപീകരണം മാത്രമല്ല ഉണ്ടാകേണ്ടത് വ്യാപാരി വ്യവസായികളുടെ ക്ഷേമത്തെ കൂടി പരിഗണിക്കേണ്ടതാണ്. ആ നിലയിലുള്ള പരിഗണന ബജറ്റിൽ സംഭവിച്ചിട്ടില്ല. എന്നാൽ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാനും കർഷകർക്കായി മിനി ഫുഡ് കോർട്ടുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചത് സ്വാഗതാർഹമാണ് എന്നും സംഘടന വിലയിരുത്തി.
12-03-2022, ശനിയാഴ്ച തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ നടന്ന സമിതിയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് വി സദാശിവൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി മണി ചാല, വൈസ് പ്രസിഡണ്ട് ജി വെങ്കിട്ടരാമൻ, സംഘടനാ സെക്രട്ടറി എം രവികുമാർ, സെക്രട്ടറി എസ്. സന്തോഷ്, സംഘടനയുടെ വക്താക്കളായ പി.ആർ സോമദേവ്, അഡ്വ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

