കൊച്ചി : ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരില്‍ വ്യാജരേഖ ഹാജരാക്കി പോലീസ് കസറ്റഡിയില്‍ നിന്ന് അഭിഭാഷകന് മോചിപ്പിച്ചു. തൈക്കാട് മേലാറന്നൂര്‍ പുണര്‍തം വീട്ടില്‍ പ്രശാന്ത് കുമാറിനെ വ്യാരേഖ ഹാജരാക്കി മോചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി നാരായണനാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രതി പ്രശാന്ത്കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 2022 ജനുവരി 21ന് പരിഗണിച്ച ജസ്റ്റീസ് പി.ഗോപിനാഥ് സര്‍ക്കാരിന്റെ വിശദീകരണം തേടി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ കേസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജില്‍ ഇതുസംബന്ധിച്ച രേഖപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 2ന് പരിഗണിക്കാന്‍ കേസ് മാറ്റിയിരുന്നെങ്കിലും പിന്നീട് കോടതിയില്‍ കേസ് വന്നില്ല.
ഇതിനിടെ ഫെബ്രുവരി 12ന് ഉച്ചയോടെ പ്രതിയെ പോലീസ് പിടികൂടി . അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അഡ്വ.ഷാനു എന്നൊരാള്‍ സ്റ്റേഷന് ഹൗസ് ഓഫീസറെ കാണാനെത്തി. പ്രതിക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്നറിയിച്ച അഭിഭാഷകന് വ്യാജ രേഖയുടെ പകര്‍പ്പ് നല്‍കുകയും ചെയ്തു. വെബ്സൈറ്റിലെ ഈ പേജിന്റെ പകര്‍പ്പെടുത്ത് വിശദീകരണം തേടി കേസ് ഫെബ്രുവരി 2 ലേക്ക് മാറ്റിയെന്ന ഭഗത്ത് അതുവരെ പ്രതിക്കെതിരെ നടപടി പാടില്ലെന്നുകൂടി ചേര്‍ത്തു.തുടര്‍ന്ന് പ്രശാന്തിനെ പോലീസ് മോചിപ്പിക്കുകയായിരുന്നു.

