ഇനി നാദമായി ഹൃദയങ്ങളില്‍: ഇതിഹാസ ഗായികയ്ക്ക് വിട

ശബ്ദസൗകുമാര്യം കൊണ്ടും ആലാപന മികവും കൊണ്ട് ലക്ഷക്കണക്കിന് സംഗീതാസ്വദകരുടെ മനസ് കീഴടക്കിയ ലത മങ്കേഷ്‌കര്‍ ഭൂമികയില്‍ നിന്ന് വിടവാങ്ങി. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ 1929ലാണ് ലതയുടെ ജനനം. അമ്മ ശുദ്ധമാതി. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്. ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

സംഗീതജീവിത വഴികള്‍

പിതാവില്‍നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയത്. അഞ്ചാമത്തെ വയസ്സില്‍തന്നെ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിതാവിന്റെ മരണശേഷം കുടുംബത്തെ പോറ്റാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ലതയ്ക്ക് കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചിട്ടില്ല. ഗുലാം ഹൈദറിന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് ലത ജീവിതത്തിലെ പ്രതിസന്ധികളോട് പട പൊരുതുകയായിരുന്നു. ഭാവിയില്‍ നിര്‍മാതാക്കളും സംവിധായകരും ലതയുടെ കാലില്‍ വീണ് അവരുടെ സിനിമകളില്‍ പാടാന്‍ യാചിക്കുമെന്ന പ്രവചനം നടത്തി കൊണ്ടായിരുന്നു അദ്ദേഹം ലതയെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു നടത്തിയത്. 1942ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കര്‍ കടന്നു വന്നത്. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ ആദ്യഗാനം പാടിയെങ്കിലും ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെട്ടു. ആ വര്‍ഷം തന്നെ നടാലി ചൈത്രാചി എന്ന ഗാനമാലപിക്കുകയും ചെയ്തു.1943ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. 1949ല്‍ പുറത്തിറങ്ങിയ മഹല്‍ എന്ന ചിത്രത്തിലെ ആയേഗ ആനേവാല എന്ന ഗാനമാണ് ലത മങ്കേഷ്‌ക്കറിന്റെ ആദ്യകാല ഹിറ്റുകളില്‍ ഒന്ന്. സലീല്‍ ചൗധരി, സജ്ജാദ് ഹുസൈന്‍, എസ്ഡി, ആര്‍ഡി ബര്‍മന്‍, ശങ്കര്‍-ജയ്കിഷന്‍ എന്നി സംഗീത പ്രതിഭകളോടൊപ്പം ലത ഒരുമിച്ചു. ഗുലാം ഹൈദറിന് പുറമേ അനില്‍ ബിശ്വാസ്, ഖേംചന്ദ് പ്രകാശ്, ഹേമന്ത് കുമാര്‍, നൗഷാദ് തുടങ്ങിയ സംഗീതസംവിധായകര്‍ ലതയെ തേടി വന്നു. 1947 മുതല്‍ ലതക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കദളി ചെങ്കദളി ചെങ്കദളി പൂ വേണോ…..ഒപ്പം ഹിന്ദി ഗാനവുമായി മലയാളത്തിലും

36ലേറെ ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായികയായ ലതാ മങ്കേഷ്‌കറിന് 2001ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍, മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ സലില്‍ ചൗധരിയുടെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ലതയുടെ ഏക മലയാള ഗാനം.എന്നാല്‍ 1958ല്‍ റിലീസായ തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ മറ്റൊരു ഹിന്ദി ചിത്രത്തിനുവേണ്ടി ലത പാടിയ ഒരു മുഴുനീള ഹിന്ദി ഗാനം ഉള്‍പ്പെടുത്തിയിരുന്നു.കഭീ ഖാമോശ് രഹ്തെ ഹൈ… പീ കെ ദരസ്‌കോ…” എന്ന ഈ ഗാനം 1955ല്‍ റിലീസായ ആസാദ് എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിനുവേണ്ടി ലതാമങ്കേഷ്‌കര്‍ പാടിയ ഗാനം. ഒരേ കഥയെ ആസ്പദമാക്കി പക്ഷിരാജാ സ്റ്റുഡിയോസ് നിര്‍മിച്ച ഈ ചിത്രങ്ങളിലെ നൃത്തരംഗത്ത് ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും അഭിനയിച്ചു.

സ്‌ക്രീനിലെ ലത

1942ല്‍ മാസ്റ്റര്‍ വിനായകന്‍ സംവിധാനം ചെയ്ത പെഹ്ലി മംഗ്ള ഗൗര്‍ എന്ന ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 1945ല്‍ ആദ്യ സംവിധായകനായ മാസ്റ്റര്‍ വിനായകന്റെ സംവിധാനത്തില്‍ പിറന്ന ബോളിവുഡ് ചിത്രത്തിലും ലത ഭാഗമായി. ബഡി മാ എന്ന പേരില്‍ പുറത്തിയ ചിത്രത്തില്‍ സഹോദരി ആശ ഭോസ്ലെക്കൊപ്പമാണ് ചെറിയ കഥാപാത്രത്തില്‍ ലത സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛന്റെ മരണശേഷം അമ്മയും നാല് സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ ഈ 13കാരി സ്വയം ഏറ്റെടുത്തു. അഭിനയത്തിലല്ല മറിച്ച് സംഗീതത്തിലാണ് തന്റെ ഭാവിയെന്ന് തിരിച്ചറിഞ്ഞ ഈ പെണ്‍കുട്ടി അഭിനയത്തിനോട് വിടപറഞ്ഞു.പില്‍ക്കാലത്ത് നല്‍കിയ പല അഭിമുഖങ്ങളിലും ലതാജി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ മേക്കപ്പ് ധരിച്ച് ഭാവാഭിനയം കാഴ്ച വെക്കുന്നതില്‍ നിന്ന് തനിക്ക് സന്തോഷം കണ്ടെത്താന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് സംഗീതമാണ് എന്റെ ലോകമെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്.2000ത്തില്‍ പുറത്തിറങ്ങിയ പുക്കാര്‍ എന്ന സിനിമയിലെ ഗാനരംഗത്താണ് പിന്നീട് ലതാജി സ്‌ക്രീനിലെത്തുന്നത്. അനില്‍ കപൂറും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലെ ഈ ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തേക്കും ലത മുന്നിട്ടിറങ്ങി. മൂന്ന് ബോളിവുഡ് ചിത്രങ്ങളും ഒരു മറാഠി ചിത്രവും ഉള്‍പ്പടെ നാല് ചിത്രങ്ങളാണ് ലതാജിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയത്. എന്നാല്‍ നിര്‍മാതാവ് എന്ന നിലയില്‍ പ്രവര്‍ത്തനമികവ് പുറത്തെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഈ മേഖലയിലും അധിക നാള്‍ ലതാജി മുന്നോട്ട് പോയില്ല.

കൊലപാതക ശ്രമത്തെ അതിജീവിച്ച 60കള്‍

1960കളാണ് ലതയുടെ സംഗീത ജീവിതത്തിലെ സുവര്‍ണ കാലഘട്ടം. വിജയത്തിന്റെ പടവുകള്‍ കയറുമ്പോള്‍ അവര്‍ക്ക് ശത്രുക്കളും ഉണ്ടായി. അറുപതുകളുടെ തുടക്കത്തില്‍ സംഗീത രംഗത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം മോഹാലസ്യപ്പെട്ട് വീണ ലതയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത് ഭക്ഷണത്തില്‍ ആരോ വിഷം കലര്‍ത്തിയിട്ടുണ്ടെന്നാണ്.ഇതിനെ തുടര്‍ന്ന് 3 മാസത്തോളം ലത കിടപ്പിലായി. ലത സുഖം പ്രാപിക്കാന്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിച്ചു. ബീസ് സാല്‍ ബാദിലെ ‘കഹിന്‍ ദീപ് ജലേ കഹിന്‍ ദില്‍’ എന്ന ഗാനത്തിലൂടെ ഇന്ത്യ ആ ശബ്ദമാധുരി വീണ്ടും കേട്ടു. ആരാണ് ലത മങ്കേഷ്‌കറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നത് ഇന്നും അജ്ഞാതമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →