ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ.
13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ എക്സ്പ്രസാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ദരിച്ച് വാർത്ത നൽകിയത്.
2017 ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു.ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു.
ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
സൗദിയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദി വയർ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ൽ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.

