തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.
ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു.

