കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ 20 അംഗ സംഘത്തിന്റെ അക്രമം, 5 പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: പരസ്യമായ കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ കടന്നുകയറി 20 അംഗ സംഘം ഗുണ്ടാവിളയാട്ടം നടത്തി. അക്രമത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെട്ടുവിള വീട്ടില്‍ ലീല (44), മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്ത് വീട്ടില്‍ സുനില്‍ (38), മാരിയത്ത് വീട്ടില്‍ സുരേഷ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ കന്യാകുളങ്ങര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയം വെട്ടുവിളയിലാണ് വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന വെട്ടുവിള സ്വദേശികളായ യുവാക്കള്‍ ആക്രമണം നടത്തിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കഞ്ചാവ് വില്‍പന എതിര്‍ത്തു സംസാരിച്ച ലീലയെ പിന്നാലെ എത്തിയ സംഘം കുളിക്കടവില്‍ വെട്ടിവീഴ്ത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സംഘം സ്ഥലംവിട്ടു. വൈകീട്ട് മടങ്ങിയെത്തിയ അക്രമിസംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മങ്ങാട്ട്മൂലയില്‍നിന്ന് എത്തിയ 20ഓളം പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രാത്രിയില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ക്കുകൂടി വെട്ടേറ്റു. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം മടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →