തിരുവനന്തപുരം: കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയക്കുകയും പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തതായി ആക്ഷേപം. ശനിയാഴ്ച രാത്രി കുവൈത്തില്‍ നിന്നെത്തിയ ആലംകോട് സ്വദേശിയായ 42കാരനെ കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തശേഷം വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ വീട്ടില്‍ പോയി.
ഞായറാഴ്ചയാണ് പോസിറ്റീവാണെന്ന റിസള്‍ട്ട് വന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. വിദേശത്തുനിന്ന് എത്തുന്നവരില്‍ 65 കഴിഞ്ഞവരെയും ഗര്‍ഭിണികളെയും വീട്ടിലേക്കും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും അയക്കുകയാണ് പതിവ്. മറ്റുള്ളവരെ സര്‍ക്കാര്‍ കേന്ദ്രത്തിലാണ് ഏഴുദിവസം താമസിപ്പിക്കുക. ഇത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആശുപത്രിയിലേക്ക് അയക്കുന്നവരെ അഡ്മിറ്റ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ അയക്കുന്നവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ആശുപത്രി അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. എന്നാല്‍, ഈ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം.