കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്നു നിര്‍ണായക മത്സരം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്നു നിര്‍ണായക മത്സരം. ഇന്നത്തെ മത്സരത്തില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബ്ലാസ്റ്റേഴ്സിനാകും. ജയിച്ചാല്‍ അവര്‍ മുംബൈ എഫ്.സിയുടെ 16 പോയിന്റിന് ഒപ്പമാകും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി. ഗോവയാണു ബ്ലാസ്റ്റേഴ്സിനെ നേരിടുക.എട്ട് മത്സരങ്ങളില്‍നിന്നു 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണു ടീം. ഗോവ എട്ട് കളികളില്‍നിന്ന് എട്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ഗോവയ്ക്ക് ഇതുവരെ രണ്ട് ജയമാണു കുറിക്കാനായത്.

ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനെതിരേ തോറ്റ ശേഷം ഇതുവരെ അപരാജിതരാണ് ബ്ലാസ്റ്റേഴ്സ്. തുടര്‍ന്നുള്ള ഏഴ് മത്സരങ്ങളില്‍നിന്നു മൂന്ന് ജയവും നാല് സമനിലകളുമാണ് അവര്‍ നേടിയത്. തന്റെ ശിഷ്യന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്താനാകുമെന്നു കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം എല്ലാവരുടേയും കൈയടി നേടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗോവയ്ക്കെതിരേ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ പ്രകടനം ബ്ലാസ്റ്റേഴ്സിന് ആശാവഹമല്ല. മൂന്ന് തോല്‍വിയും രണ്ട് സമനിലകളുമാണ് അവര്‍ വഴങ്ങിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 23 നായിരുന്നു അവസാന മത്സരം. അന്ന് 1-1 നു സമനിലയായി. 2019 ഫെബ്രുവരി 18 നു നടന്ന മത്സരത്തില്‍ 3-0 ത്തിനു തോറ്റതാണ് ഏറ്റവും ദയനീയ പ്രകടനം. ബ്ലാസ്റ്റേഴ്സും ഗോവയും തമ്മില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഒന്‍പത് ജയങ്ങളുള്ള ഗോവയാണു മുന്നില്‍. മൂന്ന് ജയങ്ങളാണു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഗോവയുടെ ആറ് ജയങ്ങള്‍ സ്വന്തം തട്ടകത്തിലായിരുന്നു. സ്വന്തം നാട്ടില്‍ രണ്ടു ജയങ്ങളാണു ബ്ലാസ്റ്റേഴ്സ് കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →