മലപ്പുറം: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ എന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്‍റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്നമുണ്ടായിരുന്നു. ദേശീയപാതയ്ക്കായി 203 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വന്നു.
ഇതിൽ 200 ഹെക്ടർ ഏറ്റെടുത്ത് നൽകി. ഇതിനായി നഷ്ടപരിഹാരത്തിന് മാത്രം 2772 കോടി രൂപ ചിലവാക്കി. എല്ലാവർക്കും കൈനിറയെ കാശാണ് വിട്ട് നൽകിയ ഭൂമിക്ക് പകരം നൽകിയത്. നാട്ടിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾക്ക് വീതി കൂട്ടുമ്പോൾ അതിന് സമീപത്തുള്ള സ്ഥലം വിട്ടുകൊടുക്കേണ്ടി വരികയെന്നത് സ്വാഭാവികമാണ്. പക്ഷേ അതിൽ ആരും ദുഃഖം അനുഭവിക്കാൻ സർക്കാർ ഇടവരുത്തില്ല. സിൽവർ ലൈൻ പദ്ധതിയിൽ തിരൂർ വരെയുള്ള പാത റെയിൽവേ പാതയ്ക്ക് സമാന്തരമായാണ്. ഏറ്റെടുക്കുന്നത് കൂടുതലും റെയിൽവേ ഭൂമിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു..