ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഹൈദരാബാദ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിയുടെ തകര്‍പ്പന്‍ പ്രകടനം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളും വീണു.

ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനു വേണ്ടി ഇരട്ട ഗോളടിച്ചു. എഡു ഗാര്‍സിയ, സാവി സിവെരിയോ, ജോയ വിക്ടര്‍ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ലാല്‍ സായ്ലുങിന്റെ ഒന്‍പതാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെയാണു ഹൈദരാബാദ് മുന്നിലെത്തിയത്. 16-ാം മിനിറ്റില്‍ യുവാനന്റെ സെല്‍ഫ് ഗോളില്‍ ഒഡീഷ സമനില പിടിച്ചു.39-ാം മിനിറ്റില്‍ ഒഡീഷ പ്രതിരോധം തുളച്ച് ഒഗ്ബാചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 2-1 എന്ന നിലയിലായിരുന്നു സ്‌കോര്‍.54-ാം മിനിറ്റില്‍ എഡു ഗാര്‍സിയയും 60-ാം മിനിറ്റില്‍ ഒഗ്ബാചെയും വല കുലുക്കിയതോടെ ഒഡീഷ പരുങ്ങി. സിവെരിയോ 72-ാം മിനിറ്റിലും വിക്ടര്‍ 86-ാം മിനിറ്റിലും ഗോളടിച്ചു. കളിയുടെ 55 ശതമാനം സമയത്തും പന്ത് ഹൈദരാബാദ് താരങ്ങളുടെ പക്കലായിരുന്നു. എട്ട് കളികളില്‍നിന്നു 15 പോയിന്റ് നേടിയ ഹൈദരാബാദ് രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും അവരും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ്. മൂന്നാം സ്ഥാനത്തായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ ജയത്തോടെ നാലാം സ്ഥാനത്തായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →