ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ നിര്‍മിക്കാന്‍ അസ്ട്രസെനക്ക ശ്രമം തുടങ്ങി.ഭാവിയില്‍ ഉണ്ടായേക്കാവുന്ന പുതിയ വകഭേദങ്ങളില്‍നിന്നു സംരക്ഷണം നല്‍കാന്‍ ശേഷിയുള്ള കൂടുതല്‍ മെച്ചപ്പെട്ട വാക്സിന്‍ നിര്‍മിക്കാനാണു ശ്രമം. ജനിതകമാറ്റം സംഭവിച്ച െവെറസിനോടു വേഗത്തില്‍ പ്രതികരിക്കാനും പുതിയ വാക്സിനു ശേഷിയുണ്ടാകുമെന്ന് ഒക്സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലായിരിക്കുമെന്നാണു ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ്. ഫ്രാന്‍സില്‍ പ്രതിദിനം ഒരു ലക്ഷം പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നാണ് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്റെ മുന്നറിയിപ്പ്.
ജനുവരിയോടെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്നാണു കണക്കുകൂട്ടല്‍. ക്വാറെന്റെന്‍ രഹിത യാത്രാ പദ്ധതിയുടെ ഭാഗമായുള്ള വിമാന, ബസ് യാത്രാ ടിക്കറ്റുകളുടെ വില്‍പ്പന ഇന്നു മുതല്‍ നാലാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സിംഗപ്പുര്‍ അറിയിച്ചു.

