പാരീസ്: ഫ്രാന്‍സില്‍ കാണികളുടെ തമ്മിലടിയും മൈതാനം കൈയടക്കലും മൂലം വീണ്ടും ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ഫ്രഞ്ച് കപ്പില്‍ ലിയോണും പാരീസ് എഫ്.സിയും തമ്മില്‍ നടന്ന മത്സരമാണ് അലങ്കോലമായത്. ഇരുപക്ഷവും ഓരോ ഗോള്‍ വീതം അടിച്ച് ഇടവേളയ്ക്കു പിരിഞ്ഞപ്പോഴായിരുന്നു ആരാധകര്‍ അക്രമാസക്തരായത്.
തുടര്‍ന്ന് പോലീസ് ഇടപെട്ട് രംഗം ഒരുവിധത്തില്‍ ശാന്തമാക്കിയെങ്കിലും മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരുടെ ഇടപെടലില്‍ ഫ്രാന്‍സില്‍ മത്സരം ഉപേക്ഷിക്കുന്നത് ഒരുമാസത്തെ ഇടവേളയില്‍ ഇതു രണ്ടാം തവണയാണ്. രണ്ടു സംഭവങ്ങളിലും ഒരു ടീം ലിയോണ്‍ ആണെന്നതാണു ശ്രദ്ധേയം.
പാരീസിലെ ഷാര്‍ലെറ്റി സ്റ്റേഡിയത്തിലായിരുന്നു വെള്ളിയാഴ്ചത്തെ പോരാട്ടം. മത്സരച്ചൂട് ആരാധകരിലേക്കും പടര്‍ന്നതോടെ ഇടവേള കൈയാങ്കളിയുടേതായി. പരസ്പരം പടക്കമെറിഞ്ഞ കാണികളില്‍ ഒരുവിഭാഗം മൈതാനത്തേക്കിറങ്ങി തമ്മിലടിച്ചതോടെ രംഗം വഷളായി. പോലീസ് രംഗത്തെത്തി സംഘര്‍ഷസ്ഥിതിയില്‍ അയവു വരുത്താന്‍ ശ്രമിച്ചു. ഇതിനിടെ രണ്ടാം പകുതിക്കു തയാറായി കളിക്കാരെത്തിയെങ്കിലും സ്ഥിതി മോശമാണെന്നു കണ്ട് ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി.
പോലീസ് ഇടപെടലില്‍ കാണികളെ മൈതാനത്തുനിന്ന് ഒഴിപ്പിച്ചെങ്കിലും മത്സരം പുനഃരാരംഭിക്കേണ്ടതില്ലെന്ന് സംഘാടകര്‍ തീരുമാനിച്ചു. ഇക്കാര്യം മൈക്കില്‍ അനൗണ്‍സ് ചെയ്ത് കാണികളോടു സ്റ്റേഡിയം വിടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ലീഗ് വണ്ണില്‍ മാര്‍സെയ്ക്കെതിരായ ലിയോണിന്റെ മത്സരമാണ് ഇതിനുമുമ്പ് കൈയാങ്കളിയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നത്. മാഴ്സെ മിഡ്ഫീല്‍ഡര്‍ ദിമിത്രി പായെറ്റിനെതിരേ കാണികളിലൊരാള്‍ കുപ്പിയെറിഞ്ഞതായിരുന്നു തുടക്കം. പിന്നീട് ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ ലിയോണിന്റെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഓഗസ്റ്റില്‍ മാഴ്സെ-നൈസ് മത്സരവും ഇത്തരത്തില്‍ ഉപേക്ഷിച്ചിരുന്നു. അന്നും പായെറ്റ് ഉള്‍പ്പെട്ട സംഭവമാണ് സംഘര്‍ഷത്തിനു വഴിമരുന്നിട്ടത്.

