ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമെന്നു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി). കൊലപാതകം ലക്ഷ്യമിട്ടു സൃഷ്ടിച്ച വാഹനാപകടമാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ല സംഭവിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണു കേസിലെ മുഖ്യപ്രതി. ഇയാളും കൂട്ടുപ്രതികളും നിലവില്‍ ജയിലിലാണ്. ആശിഷ് മിശ്രയ്ക്കും മറ്റ് പ്രതികള്‍ക്കുമെതിരേ നേരത്തേതന്നെ കൊലപാതകം, ഗൂഢാലോചനാക്കുറ്റങ്ങള്‍ ചുമത്തിയിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചെന്ന കുറ്റാരോപണം പരിഷ്‌കരിച്ച് കൊലപാതകശ്രമം, മനഃപൂര്‍വം പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തുമെന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു.
ലഖിംപുര്‍ കേസ് പരിഗണിച്ച സുപ്രീം കോടതി യു.പി. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശിനു പുറത്തുനിന്നുള്ള മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞമാസമാണു സുപ്രീം കോടതി പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്.

