തിരുവനന്തപുരം: ആരോഗ്യ മന്ത്രിയും പി.ജി ഡോക്ടർമാരും അയഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള സമരം സർക്കാരിനും പി.ജി ഡോക്ടർമാർക്കും ഒരുപോലെ വിനയാവുമെന്ന സാഹചര്യംവന്നതോടെ ഒത്തുതീർപ്പിനുള്ള വഴിതെളിയുന്നു. ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിലും മന്ത്രിയെ നേരിൽ കാണുമെന്ന നിലപാടിലേക്ക് പി.ജി ഡോക്ടർമാരും അയഞ്ഞു. കൂടിക്കാഴ്ചയോടെ സമരം അവസാനിക്കാനാണ് സാദ്ധ്യത .
ആരോഗ്യവകുപ്പിന്റെ പിടിവാശിയാണ് സമരം കടുപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള പി.ജി ഡോക്ടർമാരുടെ സമരം അഞ്ചു ദിവസമായതോടെ രോഗികളും ഒപ്പമുള്ളവരും പ്രതിരോധത്തിലേക്ക് നീങ്ങിയിരുന്നു.പി.ജി സമരത്തിന് പിന്തുണയുമായി ഇന്നലെ ഹൗസ് സർജന്മാരും 24 മണിക്കൂർ പണിമുടക്കിയപ്പോൾ മെഡിക്കൽ കോളേജുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമായി.ഇതോടെയാണ് ഇനിയൊരു ചർച്ചയില്ലെന്ന് ശഠിച്ചിച്ചിരുന്ന മന്ത്രി വീണാ ജോർജ് ആരുമായും സംസാരിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയത്.
ജോലിഭാരം കുറയ്ക്കാനായി നിയോഗിച്ച നോൺ അക്കാഡമിക്ക് ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, പി.ജി പ്രവേശനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കുക, നാലു ശതമാനം സ്‌റ്റൈപ്പൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പാണ് പി.ജി ഡോക്ടർമാരുടെ ആവശ്യം.ഇക്കാര്യങ്ങളിൽ മന്ത്രിയുടെ നിലപാട് നിർണായകമാണ്.സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.അതിനിടെ സൂചനാപണിമുടക്ക് നടത്തിയ ഹൗസ് സർജൻമാരുടെ പ്രതിനിധികളെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു.പിജി ഡോക്ടർമാരുടെ സമരം എത്രയുംവേഗം അവസാനിപ്പിച്ച് ജോലിഭാരം ഒഴിവാക്കണമെന്ന ആവശ്യമാണ് ഹൗസ് സർജന്മാർ അറിയിച്ചത്.
പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെ ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി.സാധാരണ മൂന്നു മണിയോടെ അവസാനിക്കുന്ന ഒ.പികൾ പോലും ഇന്നലെ ആറു വരെ നീണ്ടു.രോഗികളും കൂട്ടിരിപ്പുകാരും കാത്തിരുന്ന് വലഞ്ഞു.മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഇന്നലെയും മാറ്റി.മൂന്ന് ഓപ്പറേഷൻ ടേബിളുകളിൽ ഇപ്പോൾ ഒരെണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് എല്ലാ മെഡിക്കൽ കോളേജുകളും പ്രത്യേകം ജാഗ്രത പുലർത്തുന്നത്.ഒ.പിയിൽ കാത്തുനിൽക്കുന്നവരുടെ ക്ഷമ അത്യാഹിതവിഭാഗത്തിലെത്തുന്നവർ കാട്ടില്ല. അത് സംഘർഷാവസ്ഥയിലേക്ക് മാറും.ഇത് മുന്നിൽക്കണ്ട് സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്