ന്യൂഡല്‍ഹി: വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഏറ്റവും പ്രധാനമായി പരിശോധിക്കുക ബ്ലാക് ബോക്‌സുകളാണ്. അപകട സമയത്തെ നിര്‍ണായക വിവരങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന റെക്കോര്‍ഡറുകള്‍ അടങ്ങിയ രണ്ട് ഓറഞ്ച് ബോക്സുകളെയാണ് ബ്ലാക്ക് ബോക്സുകള്‍. വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിജീവിക്കുന്നവരുടെ തീരെ കുറവായതിനാല്‍ ദൃക്‌സാക്ഷികളെ മുന്‍നിര്‍ത്തി ദുരന്ത കാരണം കണ്ടെത്തുക ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ബ്ലാക് ബോക്‌സ് എന്ന ആശയം ഉണ്ടാവുന്നത്.
1950കളിലാണ് ബ്ലാക് ബോക്‌സ് ആദ്യമായി രൂപപ്പെടുത്തുന്നത്. ആദ്യകാലഘട്ടത്തില്‍ ഒരു ലോഹ ചീളിലാണ് വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്.പിന്നീടത് കാന്തിക ഡ്രൈവുകളും മെമ്മറി ചിപ്പുകളമായി മാറി. വിമാനത്തിന് മാത്രമല്ല ഭൂമിയ്ക്കും അപകടം സംഭവിക്കാം. ഈ നാഗരികത തന്നെ അപ്രത്യക്ഷമായേക്കാം. വീണ്ടും ജീവന്റെ തുടിപ്പുകള്‍ ഭൂമിയില്‍ വരുമ്പോള്‍ മനുഷ്യ ചെയ്തികളും ആവര്‍ത്തിക്കപ്പെടാം. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആസ്‌ട്രേലിയയിലെ ഗവേഷകര്‍. ഭൂമിക്കായി ഒരു ബ്ലാക്ക് ബോക്‌സ് തയ്യാറാക്കുകയാണത്.ടാസ്മാനിയ സ്‌റ്റേറ്റിലാണ് ഇത് ഒരു വലിയ ബസിന്റെ വലിപ്പമുള്ള ഉരുക്ക് ബോക്‌സ ഉണ്ടാക്കുന്നത്.മനുഷ്യരെ തുടച്ചുനീക്കിയേക്കാവുന്ന കാലാവസ്ഥാ ദുരന്തങ്ങളെ പോലും ഇത് അതിജീവിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോക്സിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം മാത്രമേ പൂര്‍ത്തിയാവു.
ഭൂമിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും രേഖപ്പെടുത്തലാണ് ബ്ലാക് ബോക്‌സിന്റെ ജോലി. മൂന്ന് ഇഞ്ച് കട്ടിയുള്ള ഉരുക്ക് ചുമരുകളാല്‍ ചുറ്റപ്പെട്ട ബോക്‌സിനകത്ത് 50 വര്‍ഷക്കാലത്തേക്ക് ഡാറ്റ ശേഖരിക്കാനുള്ള സ്റ്റോറേജ് ഡ്രൈവുകളും സോളാര്‍ പാനലുകളും ഉണ്ടായിരിക്കും. പതിറ്റാണ്ടുകളോളം എല്ലാ കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചുവെക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വരെ ടാസ്മാനിയയിലെ ഗ്രാനൈറ്റ് സമതലത്തില്‍ സ്ഥാപിക്കുന്ന ആ കൂറ്റന്‍ സ്റ്റീല്‍ പെട്ടി രേഖപ്പെടുത്തിക്കൊണ്ടിരിക്കും. ഏത് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുന്ന ഈ ‘ബോക്‌സ്’ വരാനിരിക്കുന്ന തലമുറകള്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും ഭൂമിയെ കുറിച്ചുമൊക്കെ പഠിക്കാനും വിശകലനം ചെയ്യാനും ഉപകാരപ്രദമാകുമെന്നാണ് ഇതിന് പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍.

