തൃശ്ശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയെത്തുടന്നാണ് വിജിലൻസിന്റെ നടപടി.
ഇയാളുടെ അച്ഛന്റെ കാൽമുട്ട് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും പണം നൽകാത്തതിനാൽ ഡിസ്ചാർജ് നൽകിയില്ല. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഡിസ്ചാർജ് അനുവദിച്ചില്ല. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിയ്യൂരിലെ വീട്ടിലെത്തി പണം നൽകാനായിരുന്നു ഡോക്ടറുടെ നിർദേശം. ഇത് പ്രകാരം പണം കൈമാറുമ്പോഴാണ് ഡോ. ബാലഗോപാലിനെ വിജിലൻസ് കയ്യോടെ പിടികൂടിയത്
വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്ത്വത്തിലായിരുന്നു അറസ്റ്റ്. ഡോ. ബാലഗോപാലിനെതിരെ നേരത്തെയും നിരവധി പരാതികൾ ഉള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി

